കൊളച്ചേരിയിലെ റോഡുകളിൽ "മഞ്ഞ വസന്തം"!!!
കൊളച്ചേരി :- കൊളച്ചേരി മുക്കിൽ നിന്നും ചേലേരി മുക്കിലേക്ക് റോഡ് മാർഗ്ഗം രാത്രി യാത്ര ചെയ്യുന്ന യാത്രക്കാരുടെ കണ്ണിന് കുളിർമ നൽകി കൊണ്ട് റോഡിനു മധ്യത്തിലായി തിളങ്ങി നിൽക്കുന്ന മഞ്ഞ റിഫ്ലക്ടറുകൾ റോഡിനു നൽകുന്ന ശോഭ അവർണനീയമാണ്.... പക്ഷെ ഈ റോഡിന് സൗന്ദര്യവൽക്കരണം നടത്തിയ ഉദ്യോഗസ്ഥർക്ക് റോഡ് നിർമ്മാണത്തിന്റെ ബാലപാഠങ്ങൾ തന്നെ അറിയില്ലേ എന്ന സംശയമാണ് ഇപ്പോൾ നാട്ടുകാരിൽ.
സാധാരണ റോഡിന്റെ മധ്യത്തിൽ സ്ഥാപിക്കേണ്ട റിഫ്ലക്ടറുകൾ വെള്ളയും വളവുകൾ പോലെ ഓവർ ടേക്ക് ചെയ്യാൻ പാടില്ലാത്ത വളവുകളിൽ മാത്രം മഞ്ഞ റിഫ്ലക്ടറുകളുമാണ് സ്ഥാപിക്കേണ്ടത്. പക്ഷെ ഇവിടെ തുടക്കം മുതൽ അവസാനം വരെ മഞ്ഞ റിഫ്ലക്ടറുകൾ മാത്രം. അതായത് ഈ റോഡിൽ ഒരു വാഹനവും മറ്റൊരു വാഹനത്തെ ഓവർ ടെയ്ക്ക് ചെയ്യാൻ പാടില്ല !!!
PWD അസി. ഇഞ്ചിനീയർ അടക്കമുള്ളവരെ ബന്ധപ്പെട്ട് ഇക്കാര്യം അവരുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ
ലൈൻ വരയാനും റിഫ്ലക്ടർ സ്ഥാപിക്കാനും കരാർ നൽകിയവരോട് സംസാരിക്കാമെന്ന ഒഴുക്കൻ മറുപടി മാത്രമെ ലഭിക്കുന്നുള്ളൂ.....
ഈ റോഡിൽ തന്നെ കായിച്ചിറ റോഡ് തുടങ്ങുന്ന ജംഗഷനിൽ അടക്കം സീബ്രാ ലൈൻ നിർബന്ധമായും വരക്കേണ്ട പല സ്ഥലങ്ങളിലും അവ വരയ്ക്കാത്തത് റോഡ് സുരക്ഷാ വീഴ്ചയായേ കാണാൻ കഴിയൂ. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി നേരിട്ടിടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.