ഉറപ്പുകളൊന്നും നടപ്പിലായില്ല, രോഗബാധിതയായ മല്ലികയും കുടുംബവും മടങ്ങുന്നു, അതേ തകർന്ന വീട്ടിലേക്ക്
കൊളച്ചേരി :- പേമാരി പ്രളയമായി വന്ന് വീട് തകർന്നപ്പോൾ മാറി താമസിക്കാൻ പറഞ്ഞ ഉദ്യോഗസ്ഥരുടെ ഓഫീസുകളിൽ നിരവധി തവണ കയറിയിറങ്ങിയെങ്കിലും ഒടുവിൽ വാടക പോലും നൽകാനാവാതെ മല്ലികയും കുടുംബവും തകർന്ന വീട്ടിൽ തന്നെ അടുത്ത ദിവസം മുതൽ താമസം തുടരും .
വീട് തകർന്ന് എന്ത് അത്യാഹിതവും സംഭവിക്കട്ടെ, എല്ലാ വിധിയെന്നോർത്ത് സമാധാനിക്കാനാണ് ഈ കുടുംബത്തിന്റെ തീരുമാനം.വേദന കടിച്ചമർത്തി ഈ കുടുംബം പറയുമ്പോളും ഏത് നിമിഷവും നിലം പൊത്തുന്ന ഈ വീട്ടിൽ എങ്ങനെ ഇവർ താമസിക്കുമെന്ന ചോദ്യം മാത്രം ബാക്കി.
കൊളച്ചേരി പറമ്പ് പതിന്നാറാം വാർഡ് എം.എൻ ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന എട്ടോളം കുടുംബങ്ങളെ വിട് സുരക്ഷിതമല്ലെന്ന് കണ്ട് റവന്യു ഉദ്യോഗസ്ഥർ കഴിഞ്ഞ ജൂൺ 28 ന് മാറി താമസിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
കോരി ചൊരിയുന്ന പേമാരിയിൽ വീടിന് കാര്യമായ കേടുപാട് സംഭവിച്ച് ഏതു സമയത്തും തകർന്നു വീഴുന്ന സ്ഥിതിയിലായിരുന്നു ഈ കോളനിയിലെ 8 ഓളം വീടുകൾ. അതിൽ ഒരു വിട് പൂർണ്ണമായും തകരുകയും ചെയ്തിരുന്നു.
പക്ഷെ വീട്ടുകാർ മാറി താമസിക്കാൻ തയ്യാറാവാത്തപ്പോൾ സ്ഥലം സന്ദർശിച്ച തഹസിൽദാർ അടക്കമുള്ള ഉദ്യോഗസ്ഥരും എം എൽ എ അടക്കമുള്ള ജനപ്രതിനിധികളും ഇവരെ സന്ദർശിച്ച് മറ്റു വിടുകളിലേക്ക് മാറി താമസിക്കാൻ ആവശ്യപ്പെടുകയും പ്രസ്തുത വിടിന്റെ വാടകയും മറ്റു ചിലവുകളും സർക്കാർ സംവിധാനത്തിൽ ഉൾപ്പെടുത്തി അനുവദിച്ചു തരുമെന്ന ഉറപ്പും അധികാരികൾ ഇവർക്ക് നൽകിയത്.
അങ്ങനെയാണ് സുനിൽ ,മല്ലിക ദമ്പതികളും അവരുടെ മൂന്നു മക്കൾ അടങ്ങുന്ന കുടുംബം വാടക വിട്ടിൽ എത്തിയത്. ഇവർ കഴിഞ്ഞ 6 മാസമായി വാടക വീട്ടിലാണ് താമസിച്ചു വരുന്നത്.
വീട് റിപ്പേറിംങ്ങിന്റെ അപേക്ഷയുമായി ഇവർ വിലേജ് ഓഫീസ് മുതൽ കലക്ടറേറ്റ് വരെ കയറി ഇറങ്ങിയെങ്കിലും ഒന്നും ഫലം കണ്ടില്ല.ഇവരുടെ അപേക്ഷകൾ എല്ലാ ഓഫീസുകളിൽ ഉറങ്ങിക്കിടക്കുന്നത് മിച്ചം. ഭീമമായ വീട്ടുവാടക നൽകി മുന്നോട്ടു പോകാൻ സാധിക്കാത്ത നിലയിലാണ് ഈ കുടുംബം ഇപ്പോൾ. വാടകയിനത്തിൽ ഒരു രൂപ പോലും ഇത് വരെ ആർക്കും ലഭിച്ചതുമില്ല.
സന്ധിവാതവും എല്ലിന്റെ തേയ്മാനവും മൂലം മാസത്തിൽ മുവായിരത്തോളം രൂപ മല്ലികയുടെ മരുന്നിന് മാത്രം ചെലവാകുന്ന ഈ കുടുംബത്തിന്റെ ആകെ വരുമാനം തെങ്ങ് കേറ്റക്കാരനായ ഭർത്താവ് സുനിൽ കുമാറിന്റെ ജോലിയിൽ കിട്ടുന്ന കൂലി മാത്രം. രണ്ടു പെൺകുട്ടികളുള്ള ഈ ദമ്പതികൾക്ക് വീട്ടുവാടക നൽകി താമസം മുന്നോട്ട് കൊണ്ടു പോവാൻ സാധിക്കാത്തതിനാൽ വാടകവീട്ടിൽ നിന്നും തിരിച്ച് തകർന്ന വിടിലേക്ക് ഫിബ്രവരി 1 മുതൽ താമസം മാറ്റാൻ തീരുമാനിച്ച കാര്യം അറിയിച്ച് വില്ലേജ് ഓഫീസർക്കും ബന്ധപ്പെട്ട മറ്റ് അധികാരികൾക്കും സങ്കട ഹരജിയും നൽകി അധികാരികളുടെ കനിവ് കാത്ത് കഴിയുകയാണ് ഈ കുടുംബം ഇപ്പോൾ.