മലബാര്‍ മലനാട് റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി ടൂറിസം ഫ്രണ്ട്ലി വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസിന് ഫിബ്ര 18 ന്തുടക്കം
ആദ്യ ഘട്ട സര്വീസ്പറശിനിക്കടവ് മുതല്‍ പഴയങ്ങാടി വരെ . ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രന് നിർവ്വഹിക്കും
മലബാര്‍ മലനാട് റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി ടൂറിസം ഫ്രണ്ട്ലി വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസിനു 18 ന് തുടക്കമാകും. കേരള സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യമായാണ് ഇത്തരം സര്‍വീസ് ആരംഭിക്കുന്നതെന്നു എംഎല്‍എമാരായ ജയിംസ് മാത്യു, ടി.വി. രാജേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 18ന് രാവിലെ 8.30ന് ആദ്യ സര്‍വീസ് ജലഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനംചെയ്യും. പറശിനിക്കടവ് മുതല്‍ പഴയങ്ങാടി വരെയാണ് ഒന്നാംഘട്ടത്തില്‍ സര്‍വീസ് നടത്തുന്നത്. ജലഗതാഗത വകുപ്പിന്റെ കീഴിലുള്ള ബോട്ട് നവീകരിച്ചാണു കുറഞ്ഞ നിരക്കില്‍ ആരംഭിക്കുന്ന പുതിയ സര്‍വീസുകള്‍ക്ക് ഉപയോഗിക്കുക. ശീതളപാനീയവും ലഘുഭക്ഷണവും ബോട്ട് സര്‍വീസില്‍ ലഭ്യമാക്കും. മലബാറിന്റെ സവിശേഷതകള്‍ വിവരിക്കുന്ന ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കും. സ്വകാര്യ മേഖലയിലും ബോട്ടുകള്‍ വരുമെന്നാണു പ്രതീക്ഷ.
അടുത്ത ഘട്ടത്തില്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി അഞ്ചുവില്ലേജുകള് കേന്ദ്രീകരിച്ചു ബോട്ടിലെ യാത്രക്കാര്‍ക്ക് ഓരോ സ്റ്റോപ്പിലും ആവശ്യത്തിനനുസരിച്ചു ഭക്ഷണം നല്‍കാനും ലക്ഷ്യമിടുന്നു.
ഇതോടൊപ്പം മാട്ടൂല്‍-അഴീക്കല്‍ റൂട്ട് ജലഗതാഗത വകുപ്പ് ഏറ്റെടുക്കും. ഇതിന്റെ പ്രഖ്യാപനം 18 ന് വൈകുന്നേരം മൂന്നിനു നടക്കും. ഈ റൂട്ടില്‍ ദിവസവും 20 മിനിറ്റ് ഇടവേളകളില്‍ സര്‍വീസ് നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ഇരുവരും പറഞ്ഞു. 325 കോടി രൂപ ചെലവില്‍ പറശിനിക്കടവ്, പഴയങ്ങാടി എന്നീ സ്ഥലങ്ങളില്‍ ആധുനിക ബോട്ടുജെട്ടി തയാറായി വരികയാണ്.
ഏതാനും മാസങ്ങള്‍ക്കകം ടൂറിസ്റ്റ് ബോട്ടുകള്‍ പ്രദേശത്തു സര്‍വീസ് ആരംഭിക്കും. സ്റ്റേഷന് മാസ്റ്റര്‍ ജോസ് സെബാസ്റ്റ്യന്‍, കണ്‍സള്‍ടന്റ് മധുകുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.