കൊച്ചി: - കോടതിയിൽ ഇനി ലീഗൽ സൈസ് പേപ്പർ ഉപയോഗിക്കണമെന്ന് നിർബന്ധമില്ല, A4 പേപ്പറിൻ്റെ ഇരുപുറവും പ്രിന്റ് ചെയ്ത് ഉപയോഗിക്കാമെന്ന് കേരളാ ഹൈക്കോടതി. ലീഗൽ സൈസ് പേപ്പർ എന്നാൽ നീളം A4 നേക്കാൾ അൽപ്പം കൂടുതലുള്ള പേപ്പർ ആണ്. കോടതികളിൽ കേസ് നൽകുമ്പോൾ ലീഗൽ സൈസ് പേപ്പറിന്റെ ഒരുഭാഗം മാത്രം പ്രിന്റ് ചെയ്‌താണ് നൽകിയിരുന്നത്.
ഇൻഡ്യയിൽ കടലാസ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു മേഖല കോടതികളാണ്. ഒരുഭാഗത്ത് മാത്രം പ്രിന്റ് ചെയ്യുന്നത് കൊണ്ട് ലക്ഷക്കണക്കിന് പേപ്പർ അധികമായി വേണ്ടിവരുന്നു. മാത്രമല്ല, ലോകമെങ്ങും എല്ലാവരും പൊതുവിൽ ഉപയോഗിക്കുന്ന A4 ഷീറ്റ് ഉപയോഗിക്കാതെ ലീഗൽ സൈസ് ഉപയോഗിക്കുമ്പോൾ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നു. സൂക്ഷിക്കാനും കൂടുതൽ സ്ഥലം വേണ്ടിവരുന്നു. ദിനവും അധികഭാരം ചുമക്കേണ്ടി വരുന്നു.
അങ്ങനെ ഈ വിഷയം ഒരു ക്യാംപെയ്ൻ ആയി. പൊതുതാൽപര്യ ഹരജിയിലൂടെ സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഇരുവശവും പ്രിന്റിങ് അനുവദിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. കാർബൺ കാലടിപ്പാടുകൾ അത്രയേറെ കുറയ്ക്കാം എന്നതാണ് അധികനേട്ടം.
കേരളാ ഹൈക്കോടതി ഇന്നലെ ഇറക്കിയ ഭരണപരമായ തീരുമാന പ്രകാരം ഹൈക്കോടതിയിലും ഇനി A4 സൈസിന്റെ ഇരുപുറവും പ്രിന്റ് ചെയ്തു നൽകാം. അഭിഭാഷക അസോസിയേഷന്റെ ആവശ്യപ്രകാരമാണ് തീരുമാനം. ഇത് മൂലം ചിലവും കുറയും പരിസ്ഥിതി നാശവും കുറയ്ക്കാം എന്നാണ് വിലയിരുത്തുന്നത്.