പഞ്ചായത്ത് ഓഫീസ് സേവനം ഇനി ഓൺലൈനിൽ

സംസ്ഥാനതല ഉദ്ഘാടനം 28-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

കണ്ണൂർ: സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്തുകളിൽ ഇൻറഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെൻറ് സിസ്റ്റം നടപ്പാക്കും. സർക്കാരിന്‍റെ നൂറുദിന കർമപരിപാടിയിലുൾപ്പെടുത്തിയാണിത്. സർക്കാർ സ്ഥാപനമായ ഇൻഫർമേഷൻ കേരള മിഷനാണ് (ഐ.കെ.എം.) ഇതിനുള്ള സോഫ്റ്റ്‌വേർ തയ്യാറാക്കിയത്.ഗ്രാമപ്പഞ്ചായത്തുകളിൽനിന്ന്‌ ലഭിക്കുന്ന 200-ലധികം സേവനങ്ങൾക്കുള്ള അപേക്ഷകളും പരാതികളും അപ്പീലുകളും നിർദേശങ്ങളും ഓൺലൈനായി കൈകാര്യം ചെയ്യാനുള്ള സൗകര്യം സോഫ്റ്റ്‌വേറിലുണ്ട്.അപേക്ഷയ്ക്കൊപ്പം നൽകിയിട്ടുള്ള ഇ മെയിൽ വിലാസത്തിലും അപേക്ഷകന്റെ യൂസർ ലോഗിനിലും സേവനങ്ങളും സാക്ഷ്യപത്രങ്ങളും അറിയിപ്പുകളും ലഭിക്കും. അക്ഷയ കേന്ദ്രങ്ങൾ മുഖേനയും സേവനങ്ങളും സാക്ഷ്യപത്രങ്ങളും കൈപ്പറ്റാം. അതോടൊപ്പം നിലവിലുള്ള രീതിയിൽ തപാൽമാർഗവും പഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫീസ് വഴിയും അപേക്ഷകന് സേവനങ്ങൾ ലഭിക്കും. പഞ്ചായത്തിൽ ലഭിക്കുന്ന അപേക്ഷകൾ വെബ് അധിഷ്ഠിതമായാണ് കൈകാര്യം ചെയ്യുന്നത്.

ജീവനക്കാർക്ക് വീട്ടിലിരുന്നും ഈ സോഫ്റ്റ്‌വേർ ഉപയോഗിച്ച് ഫയൽ പ്രവർത്തനങ്ങൾ നടത്താം.അപേക്ഷയിൽ നടപടി പൂർത്തിയാകുമ്പോൾ അതുസംബന്ധിച്ച അറിയിപ്പ് എസ്.എം.എസ്. ആയി അപേക്ഷകന് ലഭിക്കും. ആദ്യഘട്ടത്തിൽ 150 ഗ്രാമപ്പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.ഇതിനായി പഞ്ചായത്തുകളിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും രണ്ടുദിവസത്തെ പരിശീലനം തുടങ്ങി. സംസ്ഥാനതല ഉദ്ഘാടനം 28-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

Previous Post Next Post