ഓപ്പൺ സർവ്വകലാശാലാ പ്രഖ്യാപനം പാരലൽ കോളേജ് മേഖലയിലെ പത്ത് ലക്ഷം കുടുംബത്തെ സാരമായി ബാധിക്കും
കണ്ണൂർ: സർക്കാർ പ്രഖ്യാപിച്ച ഓപ്പൺ സർവ്വകലാശാല പാരലൽ മേഖലയെ തകർക്കുമെന്ന് പാരലൽ കോളേജ് അസോസിയേഷൻ.
പ്രതിവർഷം ഒന്നേകാൽ ലക്ഷം കുട്ടികളാണ് പാരലൽ കോളജ് കളിലുടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടുന്നത്. പഠിച്ചിറങ്ങുമ്പോൾ റഗുലറിലേതിനു സമാനമായ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് ഏറെ ആശ്വാസകരമായിരുന്നു.എന്നാൽ ഓപ്പൺ സർവകലാശാല പ്രത്യേകം സർട്ടിഫിക്കറ്റ് നൽകുന്നത് വിദ്യാർഥികള പാർശ്വവൽക്കരിക്കാൻ ഇടയാക്കും.പതിനെട്ട് വയസ് കഴിഞ്ഞ വിദ്യാർഥികൾ തുടർച്ചയായ പഠനം ആഗ്രഹിക്കുന്നവരാണ്. മാസത്തിൽ നൽകുന്ന കോൺടാക്ട് ക്ലാസുകൾ കൊണ്ടു മാത്രം പഠന പ്രകൃയ നടക്കുകയില്ല.
പിന്നോക്ക വിഭാഗത്തിനുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങളും, യാത്രാസൗജന്യവും ഓപ്പൺ സർവ്വകലാശാലകളിൽ നിലവിലില്ല.
അതിനാൽ കണ്ണൂർ സർവ്വകലാശാല അടിയന്തിരമായും വിദൂര വിഭാഗം അല്ലെങ്കിൽ പ്രൈവറ്റ് റജിസ്ട്രേഷൻ കോഴ്സുകൾ പുനരാരംഭിക്കണം.
ഏറ്റവും കുറഞ്ഞ ഫീസിൽ ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാരുടെ മക്കൾക്ക് പോലും വീടിനടുത്ത് പഠിക്കാൻ സൗകര്യപ്പെടുന്ന പാരലൽ കോളേജുകളെ സംരക്ഷിക്കാൻ സർക്കാറിനു ബാധ്യതയുണ്ട്.
അഞ്ച് ലക്ഷം വിദ്യാർഥികളും, പതിനായിരക്കണക്കിന് അധ്യാപകരും, അവരുടെ കുടുംബങ്ങളും ചേർന്ന മേഖലയെ സംരക്ഷിച്ചു നിർത്താൻ പാരലൽ കോളേജ് വിദ്യാർഥികളും, അധ്യാപകരും വൻ പ്രക്ഷോഭ നിറങ്ങുകയാണെന്ന് ജില്ലാ അധ്യക്ഷൻ കെ.എൻ.രാധാകൃഷ്ണൻ അറിയിച്ചു.