കോവിഡിനും തകർക്കാനാവാത്ത ആവേശതിമിർപ്പിൽ IPL മാമാങ്കം ഇന്നു മുതൽ

ആദ്യ മത്സരം  ഇന്ത്യൻ സമയം വൈകീട്ട് 7.30-ന് ചെന്നൈ സൂപ്പർ കിങ്‌സും , മുംബൈ ഇന്ത്യൻസും തമ്മിൽ


ദുബായ്:-  ലോകത്തെ ഏറ്റവും ജനപ്രിയവും സമ്പന്നവുമായ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ഇന്ത്യൻ പ്രീമിയർ ലീഗിന് (ഐ.പി.എൽ.) ഇന്ന് ദുബായിൽ തുടക്കം.അബുദാബിയിലെ ഷെയ്ഖ് സയിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകീട്ട് 7.30-ന് മത്സരം തുടങ്ങും.മൂന്നു വേദികളിലായി  എട്ടു ടീമുകളുടെ 60 മത്സരത്തിൻ്റെ ദിനങ്ങളാണ് ഇനിയുള്ള നാളുകളിൽ.

കൊറോണ ആയതിനാൽ വർണാഭമായ ഉദ്ഘാടന ചടങ്ങോ ചിയർ ലീഡേഴ്സോ ഉണ്ടാകില്ല. കാണികൾക്കും പ്രവേശനമില്ല. എന്നാൽ ടൂർണമെന്റ് പുരോഗമിക്കവേ 30 ശതമാനം ആളുകളെ സ്റ്റേഡിയത്തിൽ കയറ്റുന്ന കാര്യം പരിഗണനയിലാണെന്ന് ഐ.പി.എൽ. സംഘാടകരായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ.) അധ്യക്ഷൻ സൗരവ് ഗാംഗുലി പറഞ്ഞു. ആളുകൾ വീടുകളിൽത്തന്നെയായതിനാൽ ടെലിവിഷൻ കാണികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഓരോ ബയോ സെക്യുർ ബബിളിനകത്താകും താരങ്ങൾ. ഇതിനകത്തുള്ളവരുമായി മാത്രമേ സമ്പർക്കം പാടുള്ളൂ. ഓരോ ടീമിനും അനുവദിച്ച സ്ഥലത്തൂടെ മാത്രമേ യാത്ര നടത്താവൂ. 53 ദിവസം നീളുന്ന മത്സരങ്ങൾക്കിടെ 20000 കോവിഡ് ടെസ്റ്റുകൾ നടത്തും.

ശനിയാഴ്ച ഐ.പി.എൽ. ഉദ്ഘാടന മത്സരത്തിൽ കളത്തിലിറങ്ങുന്നത് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിജയം നേടിയ രണ്ട് ടീമുകൾ. ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്രസിങ്‌ ധോനി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സും ഇപ്പോഴത്തെ വൈസ് ക്യാപ്റ്റൻ രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസും. 

നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസ് നാലു വട്ടം ഐ.പി.എൽ. കിരീടം നേടിയിട്ടുണ്ട്. കിരീട നേട്ടത്തിൽ തൊട്ടുപിന്നിലുള്ള ചെന്നൈ മൂന്നുവട്ടം ജേതാക്കളായി. 2019 സീസണിലെ ആവേശകരമായ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ അവസാന പന്തിൽ ഒരു റണ്ണിന് തോൽപ്പിച്ചാണ് മുംബൈ കിരീടമുയർത്തിയത്.



Previous Post Next Post