കാലിഫോർണിയ :- ഐ ഫോൺ സീരീസിലെ ഏറ്റവും പുതിയ മോഡലായ 12 ഉൾപ്പെടെ വിവിധ ഉത്പന്നങ്ങൾ വിപണിയിലിറക്കി ആപ്പിൾ. 5 ജി സംവിധാനത്തോടെയുള്ള ആദ്യ ഐഫോൺ പരമ്പരയാണ് 12. ഹോംപോഡ് മിനി അവതരിപ്പിച്ചുകൊണ്ടാണ് ആപ്പിൾ കമ്പനി സി.ഇ.ഒ. ടിം കുക്കും സംഘവും ചൊവ്വാഴ്ച ‘ഹായ് സ്പീഡ്’ എന്ന പരിപാടിയിലൂടെ ഉത്പന്നങ്ങൾ ഓരോന്നായി പരിചയപ്പെടുത്തിയത്.
ഐഫോൺ 12 പ്രോ, ഐ ഫോൺ 12 പ്രോ മാക്‌സ്, ഐ ഫോൺ 12 മിനി എന്നിങ്ങനെ 5.4 ഇഞ്ച് മുതൽ 6.7 ഇഞ്ച് വരെ വലുപ്പമുള്ള 12 പരമ്പരയിലെ ഫോണുകളാണ് കമ്പനി വിപണിയിലെത്തിച്ചത്. ആപ്പിളിന്റെ പുതിയ ചിപ്‌സെറ്റ് എ14 ബയോനിക്കാണ് മറ്റൊരു പ്രത്യേകത. ഐഫോൺ 12 മിനിയുടെ വില 699 ഡോള(51,200 രൂപ)റിലാണ് തുടങ്ങുന്നത്. ഐഫോൺ 12-ന്റെ വില തുടങ്ങുന്നത് 799 ഡോളറിലും (58,600 രൂപ). ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ഹോം പോഡ് മിനിക്ക് ഇന്ത്യയിൽ 9900 രൂപ മുതലാണ് വില. ഉത്‌പന്നങ്ങൾ ഒക്ടോബർ 30 ഓടെ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.