ഒക്ടോബര്‍ 15 ആഗോള കൈകഴുകല്‍ ദിനം

 കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഈ ദിനത്തിന് പ്രാധാന്യമേറെ


കൈകഴുകൽ ശീലം പ്രചരിപ്പിക്കുന്നതിലേയ്ക്കായി വിവിധ അന്താരാഷ്ട്ര സംഘടനകൾ എല്ലാ വർഷവും ഒക്ടോബർ 15 - നു ആചരിക്കുന്ന ദിനമാണു് ലോക കൈകഴുകൽ ദിനം. 2008 - ൽ ആണ് ഇതിന്റെ ആരംഭം. 2008 - ൽ സച്ചിൻ ടെണ്ടുൽക്കർ നേതൃത്വം കൊടുത്ത ഇന്ത്യയിലെ പ്രചാരണ പരിപാടികളിൽ 100 മില്യൺ സ്കൂൾ കുട്ടികൾ പങ്കെടുത്തു. വെള്ളം, സോപ്പ്, കൈകൾ എന്നിവ ചേർന്ന ചിത്രമാണ് ഈ സംരംഭത്തിന്റെ ചിഹ്നം .

വയറിളക്കം, ന്യൂമോണിയ എന്നിവയാണ് ശിശു മരണങ്ങൾക്കുള്ള പ്രധാന കാരണം. ഈ രോഗങ്ങൾ മൂലം പ്രതിവർഷം മൂന്നര മില്യൺ ശിശു മരണങ്ങൾ ഉണ്ടാകുന്നു എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനു മുൻപും ,കക്കൂസിൽ പോയതിനു ശേഷവും, വെള്ളവും സോപ്പും ഉപയോഗിച്ച് നല്ലപോലെ കൈ കഴുകുന്ന ശീലം കൊണ്ട് മാത്രം, പ്രതിരോധ കുത്തി വെയ്പ്പ് കൊണ്ടും മറ്റു വൈദ്യ ഇടപെടലും കൊണ്ട് രക്ഷിക്കുന്നതിലും കൂടുതൽ കുട്ടികളെ രക്ഷപ്പെടുത്താം. അതോടൊപ്പം 50 % ശിശുമരണങ്ങളും ഇല്ലാതാക്കാം എന്നാണു ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്.

പ്രധാന ആരോഗ്യ വിദ്യാഭ്യാസ സന്ദേശങ്ങൾ

വൃത്തി ഉള്ള കൈകൾ ജീവൻ രക്ഷിക്കുന്നു

ഭക്ഷണ പാനീയങ്ങളിൽ തൊടുന്നതിനു മുൻപും കക്കൂസിൽ പോയശേഷവും കൈകൾ കഴുകിയിരിക്കണം

കൈ ശുചി ആയി കഴുകേണ്ടതെങ്ങനെ ?

 കൈ നല്ലത് പോലെ നനച്ചതിനു ശേഷം സോപ്പ് പത കൊണ്ട് 20 സെക്കന്ടെങ്കിലും പതപ്പിക്കുക. അതിനു ശേഷം ഒഴുക്ക് വെള്ളത്തിൽ കൈ കഴുകുക.

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കൈകളുടെ ശുചിത്വം ഉറപ്പു വരുത്തേണ്ടത്  ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ നാരായണ നായ്ക് അറിയിച്ചു. കൈകള്‍ അണു വിമുക്തമാക്കുക, ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുക,  സാമൂഹിക അകലം പാലിക്കുക എന്നിവയിലൂടെ മാത്രമേ  കൊവിഡിനെ പ്രതിരോധിക്കാനാവൂ. സോപ്പുപയോഗിച്ച് കൈകഴുകുന്നത് ശീലമാക്കണം.  രോഗങ്ങള്‍ വരാതിരിക്കാനും മറ്റുള്ളവര്‍ക്ക് പകര്‍ത്താതിരിക്കാനും  സോപ്പുപയോഗിച്ചുള്ള കൈകഴുകലിലൂടെ സാധിക്കും.  കണ്ണ്, മൂക്ക് ,വായ, എന്നിവ കൈകള്‍ കൊണ്ട് അറിയാതെ സ്പര്‍ശിക്കുന്ന ശീലം പലര്‍ക്കുമുണ്ട്.  അതുകൊണ്ടു തന്നെ കൈകളുടെ ശുചിത്വം ഏറെ പ്രധാനമാണ്.  ദിവസവും കുറഞ്ഞത് ആറു തവണയെങ്കിലും കൈകള്‍ സോപ്പ് ഉപയോഗിച്ച്  വൃത്തിയാക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം.  ഭക്ഷണത്തിനു മുന്‍പും ശേഷവും മാത്രമല്ല ശൗചാലയങ്ങള്‍ ഉപയോഗിച്ച ശേഷവും കൈകള്‍ വൃത്തിയാക്കണം.രോഗാണുക്കളെ ഇല്ലാതാക്കും വിധം ശരിയായ വിധത്തില്‍ കഴുകുക എന്നത് പ്രധാനമാണ്. കൊവിഡ് കാലത്ത് സമ്പര്‍ക്ക സാധ്യതയുള്ള വസ്തുക്കള്‍, പ്രതലങ്ങള്‍ എന്നിവ സ്പര്‍ശിച്ചാലും പണമിടപാടുകള്‍ നടത്തിയാലും  സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കുന്നത് രോഗപകര്‍ച്ച തടയാന്‍ സഹായിക്കുമെന്നും ഡോ.നാരായണ നായ്ക് അറിയിച്ചു.

Previous Post Next Post