മയ്യിൽ:- എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ മയ്യിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ മയ്യിൽ ടൗണിൽ യുദ്ധ സ്മാരകം പണിയുന്നു. ഇതിനായി മയ്യിൽപഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപത്തായി ഒന്നര സെൻറ് ഭൂമി ഭരണസമിതി വിട്ടുകൊടുത്തു.
യുവാക്കൾ, പൊതുജനങ്ങൾ, വിദ്യാർഥികൾ എന്നിവരിൽ രാജ്യസ്നേഹം വളർത്താനും സൈന്യത്തിൽ ചേരാൻ പ്രോത്സാഹനംനൽകാനും സൈനികക്ഷേമം മുൻനിർത്തിയുമാണ് സ്മാരകനിർമാണം ഏറ്റെടുക്കുന്നതെന്ന് എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ പ്രസിഡൻറ് സുബേദാർ മേജർ ടി.വി.രാധാകൃഷ്ണൻ നമ്പ്യാർ (റിട്ട.), സെക്രട്ടറി നായിക് സുബേദാർ മോഹനൻ കാരക്കീൽ എന്നിവർ പറഞ്ഞു.
സ്മാരകം നിർമിക്കുന്ന സ്ഥലം ശുചീകരണം പഞ്ചായത്തംഗം രവി മാണിക്കോത്തിന്റെ നേതൃത്വത്തിൽ നടന്നു. സ്മാരകത്തിന്റെ രൂപകല്പനയും നിർമാണവും കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോറിലെ ഉദ്യോഗസ്ഥനായ കുറ്റ്യാട്ടൂർ സ്വദേശി ഹവിൽദാർ ഹരീന്ദ്രനാണ് ഏറ്റെടുത്തത്.