കണ്ണൂർ :- സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് നവരാത്രി ആഘോഷങ്ങള്‍ കരുതലോടെ നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു.
നവരാത്രി ആഘോഷവും വിദ്യാരംഭവും പരമാവധി വീടുകളില്‍ മാത്രമായി നടത്തണം. പൂജകള്‍ക്കും ചടങ്ങുകള്‍ക്കും പ്രവേശന കവാടത്തില്‍ ആള്‍ക്കൂട്ടമുണ്ടാകാതിരിക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ നടത്തണം. ആളുകളെ സ്ക്രീനിംഗ് നടത്തി മാത്രമേ അകത്തേക്ക് കടത്തി വിടാവൂ. ആളുകള്‍ തമ്മില്‍ ചുരുങ്ങിയത് ആറ് അടി അകലം പാലിക്കണം. തറയില്‍ അടയാളമിട്ടോ, വടം കെട്ടിയോ ശാരീരിക അകലം ഉറപ്പുവരുത്താന്‍ സംഘാടകര്‍ ശ്രദ്ധിക്കണം. ചടങ്ങിലേക്ക് പ്രവേശിപ്പിക്കുന്ന ആളുകള്‍ ശരിയായ രീതിയില്‍ മാസ്ക് ധരിക്കുകയും സാനിറ്റൈസര്‍ കയ്യില്‍ കരുതുകയും വേണം. കൈകഴുകാനും അണുവിമുക്തമാക്കാനുമുള്ള സൗകര്യങ്ങള്‍ സംഘാടകര്‍ ഒരുക്കിയിരിക്കണം.
വിദ്യാരംഭച്ചടങ്ങില്‍ കുട്ടികളുടെ നാവില്‍ ആദ്യാക്ഷരം കുറിക്കാനുപയോഗിക്കുന്ന സ്വര്‍ണം ഉള്‍പ്പടെയുള്ളവ ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. ചടങ്ങുകളില്‍ സംബന്ധിക്കുന്നവരുടെ പേരും വിലാസവും ഫോണ്‍ നമ്പറും നിര്‍ബന്ധമായും രേഖപ്പെടുത്തി സൂക്ഷിക്കണം.