മഹാത്മജി സ്വാതന്ത്ര്യത്തിൻ്റെയും സമത്വത്തിൻ്റെയും ലോകോപാസകൻ - പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ്
കരിങ്കൽക്കുഴി: സ്വാതന്ത്ര്യത്തിൻ്റെയും സമത്വത്തിൻ്റെയും അഹിംസയുടെയും ലോകോപാസകനാണ് മഹാത്മജി എന്നും അദ്ദേഹത്തിൻ്റെ ജീവിതം ഒരു പാഠപുസ്തകമാണെന്നും ഗാന്ധിയൻ ചിന്തകൻ പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ് പറഞ്ഞു.കെ.എസ് & എ സി സംഘടിപ്പിച്ച 'ഗാന്ധിസ്മൃതി' ഉദ്ഘാടന പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കടുത്ത അധാർമ്മികത ലോകത്തിന് അനുഭവപ്പെട്ട ഘട്ടത്തിൽ ധർമ്മത്തിൻ്റെ രക്ഷാകർത്താവായാണ് അദ്ദേഹം വരുന്നത്. അദ്ദേഹത്തിൻ്റെ പ്രത്യയശാസ്ത്രം സത്യാഗ്രഹമാണ്. സത്യത്തെ ആഗ്രഹിച്ചത് കൊണ്ടാണത്. സത്യാഗ്രഹമെന്നത് ആത്മശുദ്ധിയാണ്. സർവോദയമാണ് അദ്ദേഹത്തിൻ്റെ സ്വപ്നം. എല്ലാ ആളുകളുടെയും ഉദയത്തിനായുള്ള കർമ്മപദ്ധതിയാണ് സർവോദയം. സ്വാതന്ത്ര്യലബ്ധിയിലുള്ള ആഹ്ലാദ പ്രകടനങ്ങളിൽ പങ്കെടുക്കാതെ ഗാന്ധിജി വർഗീയ കലാപഭൂമിയിൽ മരണം വരെ ഉപവസിക്കാനായാണ് പോയത്.അദ്ദേഹത്തിൻ്റെ ആത്മശക്തിക്ക് മുന്നിൽ വർഗീയവാദികൾ കീഴടങ്ങുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്. വിശുദ്ധമായ ആ സന്ദർഭത്തിൻ്റെ ഔന്നത്യത്തിലാണ് ഗാന്ധി എന്ന പ്രകാശനാളം കൂടുതൽ പ്രകാശമാനമാവുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു.
ഓൺലൈനിൽ നടന്ന പരിപാടിയിൽ വി വി ശ്രീനിവാസൻ അധ്യക്ഷനായി. വിജേഷ് നണിയൂർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ കെ. പ്രമീള, എ.ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു. പി. രവീന്ദ്രൻ നന്ദി രേഖപ്പെടുത്തി. ഗാന്ധി ക്വിസ്, പ്രസംഗ മത്സരം എന്നിവ നടന്നു.പൊതു ഇടങ്ങൾ ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു. സേവന പ്രവർത്തനങ്ങൾ കരിങ്കൽക്കുഴി അംഗൻവാടി പരിസരത്ത് മുൻ പ്രസിഡൻ്റ് എ.നാരായണൻ, വി.കൃഷ്ണൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.