കൊല്ലൂരിൽ നവരാത്രി ആഘോഷം കോവിഡ് നിയന്ത്രണങ്ങളോടെ

വിദ്യാരംഭത്തിന് കുട്ടിക്കൊപ്പം അമ്മയ്ക്ക് മാത്രം പ്രവേശം



കൊല്ലൂർ :- നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങുകൾ നടക്കും. കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ദേവീഭക്തരോട് കൊല്ലൂർ ക്ഷേത്രത്തിലേക്ക് വരാൻ നിർബന്ധിക്കില്ലെന്ന് ക്ഷേത്ര എക്‌സിക്യുട്ടീവ് ഓഫീസർ അരവിന്ദ എ. സുത്തഗുണ്ടി അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചേ നവരാത്രി ഉത്സവം നടത്താനാകൂ എന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ചമുതൽ ക്ഷേത്രത്തിൽ നവരാത്രി പൂജകൾക്ക് തുടക്കമായി. 24-ന് രാവിലെ 11.30-ന് ചണ്ഡികായാഗം നടക്കും. രാത്രി 10.30-ന് രഥോത്സവവും നടക്കും. എന്നാൽ രഥം വലിക്കുന്നത് കാണാൻ ഭക്തരെ അനുവദിക്കില്ല. വൈകുന്നേരം അഞ്ചോടെ എല്ലാ ഭക്തരെയും പുറത്താക്കി ക്ഷേത്രകവാടം അടയ്ക്കും. തുടർന്നാണ് ചുറ്റമ്പലത്തിൽ രഥംവലി നടക്കുക.

25-ന് വിദ്യാരംഭത്തിനെത്തുന്ന ഭക്തർക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാരംഭം കുറിക്കുന്ന കുട്ടിക്കൊപ്പം അമ്മയ്ക്ക് മാത്രമേ ക്ഷേത്രത്തിനുള്ളിലെ സരസ്വതീമണ്ഡപത്തിലേക്ക് പ്രവേശനം അനുവദിക്കൂ. അതും കോവിഡ് മുൻകരുതൽ പാലിച്ചെങ്കിൽ മാത്രം.

Previous Post Next Post