തിരുവനന്തപുരം :- ടിക്കറ്റ് ചാർജ് കൂടുതലായതിനാൽ യാത്രക്കാരില്ലാത്ത കെഎസ് ആർ ടിസി ബസുകളിൽ നിരക്കു കുറയ്ക്കുന്നു. സൂപ്പർഫാസ്റ്റ് മുതൽ മുകളിലേക്കുള്ള സർവീസുകളിൽ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ കോവിഡിനു മുൻപുള്ള നിരക്കിലേക്കു കുറയ്ക്കും . ഇതിന് കെഎസ് ആർ ടി സി ഡയറക്ടർ ബോർഡ് അംഗീകാരം നൽകി.നിരക്ക് കുറയ്ക്കുന്നതിനു മന്ത്രിസഭയുടെ അനുമതി വേണ്ട.
യാത്രക്കാർ കൂടിയാൽ ഫാസ്റ്റ് ഉൾപ്പെടെ മറ്റു സർവീസുകളിലും പഴയ നിരക്ക് ഏർപ്പെടുത്തും. സൂപ്പർ ക്ലാസ് ബസുകളിൽ മിനിമം നിരക്കിലും കിലോമീറ്റർ ചാർജിലും 25-30% വർധനയാണ് കോവിഡിനെ തുടർന്നുണ്ടായത്. സൂപ്പർ എക്സ്പ്രസ് , സൂപ്പർ എയർ എക്സ്പ്രസ്, സ്കാനിയ, എസി, ഹൈടെക്, സൂപ്പർ ഡീലക്സ്, വോൾവോ, ലോഫ്ലോർ ബസുകളാണ് ഈ ഗണത്തിൽപ്പെടുന്നത്.മറ്റു സർവ്വീസുകൾക്ക് 8 രൂപ നിരക്കിനുള്ള യാത്ര 5 കിലോമീറ്ററിൽ നിന്ന് രണ്ടര കിലോമീറ്ററായി കുറച്ചിരുന്നു. 5 കിലോമീറ്റർ യാത്രയ്ക്ക് എട്ടിനു പകരം10 രൂപയാക്കി.
ആവശ്യത്തിനു ദീർഘദൂര ബസുകൾ ഓടിക്കുന്നുണ്ടെങ്കിലും യാത്രക്കാരില്ല. എന്നാൽ സമാന്തര സ്വകാര്യ സർവീസുകൾ നിർബാധം ഓടുന്നു. ചൊവ്വ, ബുധൻ, വ്യാഴം ദിനങ്ങളിൽ ബസുകളിൽ പകുതി യാത്രക്കാരെ പോലും കിട്ടുന്നില്ല .
യാത്രക്കാർ കുറവായതിനാൽ കെ എസ് ആർ ടി സി നഷ്ടത്തിലാണ്. ശമ്പളവും പെൻഷനും സർക്കാർനേരിട്ടു നൽകുന്നതു കൊണ്ടാണ് പിടിച്ചുനിൽക്കുന്നത്. കൂടുതൽ യാത്രക്കാരെ ആകർഷിക്കാനുള്ള പരീക്ഷണമാണ് നടത്തുന്നതെന്ന് എംഡി ബിജു പ്രഭാകർ പറഞ്ഞു.
ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നപ്പോൾ തന്നെ കിഫ്ബിയിൽ ഉൾപ്പെടുത്തി 324 കോടിക്ക് 1000 ബസ് വാങ്ങുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ സർക്കാർ നാലര വർഷത്തിലേക്ക്എത്തുമ്പോൾ ആകെ 360 ബസുകളാണ് വാങ്ങാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. കാലാവധി കഴിഞ്ഞതിനാൽ 2 കൊല്ലത്തിനിടെ 2000 ബസുകൾ ഒഴിവാക്കേണ്ടിവരും. ഇതിൽ 300 ബസുകൾ ഇപ്പോൾ തന്നെ ഓടുന്ന അവസ്ഥയിലല്ല.
കൂടുതൽ ബസുകൾ വാങ്ങിയില്ലെങ്കിൽ കെഎസ്ആർടിസി പ്രതിസന്ധിയിലാകും. ദീർഘദൂര സർവീസുകൾക്ക് ബസ് വാടകയ്ക്കെടുത്തെങ്കിലും കരാറിലെ ന്യൂനത മൂലം നഷ്ടത്തിലായി.