പറശ്ശിനികടവ് :- ഉത്തരമലബാറിലെ ടൂറിസം മേഖലയ്ക്ക് കുതിപ്പേകുന്ന മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച പറശ്ശിനിക്കടവ്, പഴയങ്ങാടി ബോട്ട് ടെര്‍മിനലുകളും വാക്ക് വേയും മുഖ്യമന്ത്രി പിണറായി വിജയന് വ്യാഴാഴ്ച (ഒക്ടോബര്‍ 22) നാടിന് സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ ടൂറിസം- സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷനാവും. വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്, എംപിമാരായ കെ സുധാകരന്, കെ രാജ്മോഹന്‍ ഉണ്ണിത്താന്, എംഎല്‍എമാരായ ജെയിംസ് മാത്യു, ടി വി രാജേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ നദികളെ ബന്ധിപ്പിച്ച് നടപ്പാക്കുന്ന മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി 53.07 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. മാഹി, അഞ്ചരക്കണ്ടി, വളപട്ടണം, കുപ്പം, പെരുമ്പ, തേജസ്വിനി പുഴകളിലായി 17 ബോട്ട് ടെര്‍മിനലുകളും, വാക്ക് വേ, ടോയ്ലറ്റ് തുടങ്ങിയവുമാണ് പദ്ധതിയില്‍ ഒരുങ്ങുന്നത്. ഇതില്‍ ആദ്യഘട്ട പ്രവൃത്തികളായ പറശ്ശിനിക്കടവ്, പഴയങ്ങാടി ബോട്ട് ടെര്‍മിനലുകളും വാക്ക് വേകളുമാണ് നിര്‍മ്മാണം പൂര്‍ത്തിയായത്. 4.88 കോടി രൂപ ചെലവഴിച്ച് തളിപ്പറമ്പ് മണ്ഡലത്തിലെ വളപട്ടണം പുഴയിലാണ് പറശ്ശിനിക്കടവ് ബോട്ട് ടെര്‍മിനല്‍ നിര്‍മ്മിച്ചത്. മലബാറിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ പറശ്ശിനി മഠപ്പുര ക്ഷേത്ര പരിസരത്ത് നിര്‍മ്മിച്ച ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുന്നതോടെ വിനോദ സഞ്ചാരമേഖലയ്ക്ക് വലിയ മുതല്‍ക്കൂട്ടാകും. മൂന്ന് കോടി രൂപ ചെലവഴിച്ചാണ് പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഉള്‍നാടന്‍ ജലഗതാഗത വകുപ്പിനായിരുന്നു ബോട്ട് ടെര്‍മിനലുകളുടെ നിര്‍മ്മാണച്ചുമതല.
ജില്ലയില്‍ സംസ്ഥാന പദ്ധതികള്‍ക്ക് പുറമെ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദര്ശന് സ്കീമില്‍ ഉള്‍പ്പെടുത്തി തളിപ്പറമ്പ്, അഴീക്കോട്, കല്ല്യാശ്ശേരി മണ്ഡലങ്ങളിലായി 80.37 കോടി രൂപയുടെ മലനാട് റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ നിര്‍മ്മാണ പ്രവൃത്തികളും പുരോഗമിച്ചുവരികയാണ്. മുത്തപ്പന് ആന്‍ഡ് മലബാറി ക്യുസീന് ക്രൂയിസ്, തെയ്യം ക്രൂയിസ്, കണ്ടല്‍ ക്രൂയിസ് എന്നീ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. അഴീക്കോട്, വളപട്ടണം, മലപ്പട്ടം, കൊളച്ചേരി, നാറാത്ത്, ചപ്പാരപ്പടവ്, പാപ്പിനിശ്ശേരി, ചെറുകുന്ന്, പട്ടുവം, ഏഴോം, മാടായി, മാട്ടൂല്‍ പഞ്ചായത്തുകളിലും തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭകളിലുമായി നടപ്പാക്കുന്ന പദ്ധതിയില്‍ 30 ബോട്ട് ടെര്‍മിനല്‍, നടപ്പാത, ബയോ ടോയ്ലറ്റ്, ബോട്ട് റേസ് ഗ്യാലറി, ആര്‍ട്ടിസാന്‍സ് ആല, ഫുഡ് കോര്‍ട്ട്, പാര്‍ക്കിംഗ് യാര്‍ഡ്, തെയ്യം പെര്‍ഫോമിംഗ് യാര്‍ഡ്, മഡ് വാള് മ്യൂസിയം, ഫ്ളോട്ടിംഗ് റസ്റ്റോറന്റ് തുടങ്ങിയ പ്രവൃത്തികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.