ചേലേരി :- ചേലേരിയിൽ റോഡിനിരുവശത്തും കാട് മൂടി കിടന്നത് പ്രദേശവാസികൾ ചേർന്ന് വൃത്തിയാക്കി. റോഡിൻ്റെ ഈ അവസ്ഥയെക്കുറിച്ച് ഇതിനകം തന്നെ ചർച്ചയാവുകയും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു.തൊഴിലുറപ്പ് പദ്ദതിയിൽ ഉൾപ്പെടുത്തി ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിലും ഇത്തരം പ്രവൃത്തികൾ തൊഴിലുറപ്പിൽ ഉൾപ്പെടുത്തി ചെയ്യാൻ കഴിയില്ലെന്ന മറുപടി ലഭിച്ചതോടെ നാട്ടുകാർ പ്രവൃത്തി സ്വയം ഏറ്റെടുക്കാൻ മുന്നോട്ട് വരികയായിരുന്നു.അപകടം തുടർക്കഥയായ റോഡിൽ അപകട ശേഷം മാത്രം കണ്ണു തുറക്കുന്ന അധികാരികളുടെ പ്രവൃത്തിക്ക് കാത്ത് നിൽക്കാതെ പ്രദേശത്തെ ജനപ്രതിനിധികളും സാംസ്കാരിക സമിതി ഭാരവാഹികളും നേതൃത്വം നൽകി വൃത്തിയാക്കൽ പ്രവൃത്തി നടത്തി.(Kolachey Varthakal Online).
കൊളച്ചേരി പറമ്പ് കായിച്ചറ റോഡ് മുതൽ ചേലേരി ചന്ദ്രോത്ത് കണ്ടി മടപ്പുര റോഡ് വരെയുള്ള റോഡിൻ്റെ ഇരു വശങ്ങളുമാണ് ഇന്ന് വൃത്തിയാക്കിയത്. ചേലേരി പ്രഭാത് വായനശാല, സ്പർശനം, നേതാജി വായനശാല, ചേലേരി എൻ്റെ ഗ്രാമം വാട്സ്ആപ്പ് കൂട്ടായ്മ എന്നീ സംഘടനകളുടെ പ്രവർത്തകരാണ് ഈ പ്രവൃത്തിക്ക് ഭാഗവാക്കായത്.
കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനന്തൻ മാസ്റ്റർ, വാർഡ് മെമ്പർ ഇന്ദിര, INC ചേലേരി മണ്ഡലം പ്രസിഡൻ്റ് പ്രേമാനന്ദൻ ,CPIM ലോക്കൽ കമ്മിറ്റി അംഗം പി.കെ.രവീന്ദ്രൻ,പ്രഭാത് വായനശാല സെക്രട്ടറി വിനോദ് തായക്കര,നേതാജി വായനശാല സെക്രട്ടറി കെ.യം.രാജശേഖരൻ, തുടങ്ങിയവർ പ്രവൃത്തികൾക്ക് നേതൃത്വം നൽകി.
രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച ശുചീകരണ പ്രവൃത്തി ഉച്ചയോടെ സമാപിച്ചു.