കൊളച്ചേരി :- യാത്രാ സൗകര്യം കുറവായ പള്ളി പറമ്പിൽ സ്ഥിതി ചെയ്യുന്ന ആയുർവേദ ഡിസ്പെൻസറി ആഴ്ചയിൽ രണ്ടു ദിവസം കമ്പിൽ പ്രവർത്തിക്കാമെന്ന തീരുമാനം ഉടൻ നടപ്പിലാക്കണമെന്ന് കൊളച്ചേരി പഞ്ചായത്ത് ഭാരതീയ ജനതാ പാർട്ടി ആവശ്യപ്പെട്ടു.
എത്രയും പെട്ടെന്ന് ഡിസ്പെൻസറി ആഴ്ചയിൽ രണ്ടു ദിവസം കമ്പിൽ തുറന്ന് പ്രവർത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന് ഇന്ന് ചേർന്ന മീറ്റിംങ്ങിൽ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ഇടപെട്ട് പരിഹരം കാണണമെന്നുള്ള നിവേദനം ജില്ലാ മെഡിക്കൽ അധികാരി, ആരോഗ്യ മന്ത്രി എന്നിവർക്ക് നല്കുകയും ചെയ്തു.
കൊളച്ചേരി പഞ്ചായത്തിലെ കമ്പിൽ ബസാറിൽ പ്രവർത്തിച്ചിരുന്ന ആയുർവേദ ഡിസ്പെൻസറി പള്ളിപ്പറമ്പിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയതിന് ശേഷം യാത്ര സൗകര്യം ഇല്ലാത്തയിടത്തായതിനാൽ പല രോഗികൾക്കും ചികിത്സാ സൗകര്യം നഷ്ടപ്പെടുന്ന സാഹചര്യം പഞ്ചായത്തിൻ്റെ ശ്രദ്ധയിൽ പെടുത്തുകയും അതിനു ശേഷം നടന്ന ഭരണ സമിതി യോഗത്തിൽ ആഴ്ചയിൽ രണ്ട് ദിവസം ആസ്പത്രി കമ്പിൽ പ്രവർത്തിക്കുന്നതിന് വേണ്ട നടപടികൾ എടുക്കാൻ തീരുമാനിക്കുക ഉണ്ടായിരുന്നു. എന്നാൽ അതിനു ശേഷം തുടർ നടപടികളൊന്നും കൈക്കൊള്ളാത്തതിൽ ഭാരതീയ ജനതാ പാർട്ടി കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പല പ്രാവശ്യം പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും തുടർ നടപടികൾ ഉണ്ടായില്ലെന്ന് ബിജെപി ആരോപിച്ചു.
തുടർന്നാണ് ഇന്ന് നടന്ന കൊളച്ചേരി പഞ്ചായത്ത് ഭാരതീയ ജനതാ പാർട്ടി കമ്മറ്റി മീറ്റിംഗിൽ ഇതിനെതിരെ ശക്തമായ് പ്രതിഷേധിക്കുകയും നിവേദനം നൽകാൻ തീരുമാനിക്കുകയും ചെയ്തത്.
ബി.ജെ.പി.പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പി.വി.വേണുഗോപാലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സിക്രട്ടറി പി.വി.ദേവരാജൻ ,വാർഡ് മെമ്പർ കെ.പി.ചന്ദ്രഭാനു ,ഇ.പി.ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.