ഇന്ന് അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത: കണ്ണൂരിൽ യെലോ അലേർട്ട്


തിരുവനന്തപുരം
: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്ര ന്യൂനമർദം ആന്ധ്ര തീരംവഴി കരയിൽ പ്രവേശിച്ചു. ഇത് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് വഴിയൊരുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

ബുധനാഴ്ച 11 ജില്ലകളിൽ മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്.ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് ബുധനാഴ്ച മഞ്ഞ ജാഗ്രതയുള്ളത്. 

ഉച്ചയ്ക്ക് രണ്ടുമണിമുതൽ രാത്രി പത്തുവരെയുള്ള സമയത്ത് ഇടിമിന്നൽ സാധ്യത കൂടുതലാണ്.

മനുഷ്യ ജീവനും വൈദ്യുതോപകരണങ്ങൾക്കും നാശനഷ്ടമുണ്ടാവാൻ സാധ്യത ഉണ്ട്. ആകാശം മേഘാവൃതമാണെങ്കിൽ കുട്ടികളെ തുറന്ന സ്ഥലങ്ങളിൽ കളിക്കാൻ വിടരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നൽ ജാഗ്രത നിർദേശം പാലിക്കണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണം.

Previous Post Next Post