പറശ്ശിനിക്കടവ് :- എം വി ആർ സ്നേക്ക് പാർക്ക് & സൂ ,പറശ്ശിനിക്കടവും യുവാക്കളുടെ സ്റ്റാർട്ടപ്പ് ലാറസ് എ എൽ, സഹകരണ ഐ ടി കമ്പനിയായ കോസ്ടെക്കുമായി ചേർന്ന് വികസിപ്പിച്ചെടുത്ത പാമ്പുകളെ തിരിച്ചറിയാനുള്ള "Snake Lens" എന്ന മൊബൈൽ അപ്പ്ലിക്കേഷന്റെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബർ 2 ന് രാവിലെ 9.30 ന് വനം മന്ത്രി അഡ്വ.കെ രാജുവും ദേവസ്വം മന്ത്രി ശ്രീ കടകംപ്പള്ളി സുരേന്ദ്രനും ചേർന്ന് ഓൺലൈനായി നിർവ്വഹിച്ചു. എം വി ആർ സ്നേക്ക് പാർക്ക് ഡയറക്ടർ, പ്രൊഫ. ഇ കുഞ്ഞിരാമൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വെറ്ററിനറി ഓഫീസർ ഡോ. കല്ല്യാണി ജി നമ്പ്യാർ സ്വാഗതം ആശംസിച്ചു.
ആർട്ടിഫിഷൽ ഇൻ്റലിജൻറ്സ് എന്ന സാങ്കേതിക വിദ്യയിലൂടെ പാമ്പുകളെ നേരിട്ട് തിരിച്ചറിയാൻ സാധിക്കുന്നത് വഴി സാധാരണക്കാരുടെ ഇടയിൽ പാമ്പുകളെ പറ്റിയുള്ള തെറ്റിധാരണ മാറുവാൻ സഹായകമാകുമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് വനം വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അഭിപ്രായപ്പെട്ടു. അതിലൂടെ നമ്മുടെ ചുറ്റും കണ്ടു വരുന്ന പാമ്പുകൾ വിഷമുള്ളതാണോ അല്ലയോ എന്ന് തിരിച്ചറിയുവാനും മുൻകരുതൽ എടുക്കുവാനും സഹായകമാകുമെന്നും ജീവിവവഗങ്ങളുടെ സംരക്ഷണത്തിന് സ്നേക് പാർക്ക് വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ സഹകരണ മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പാമ്പു കടിയേറ്റാൽ സ്വീകരിക്കേണ്ട കാര്യങ്ങളും ഹോസ്പ്പിറ്റലിൻ്റെ വിവരങ്ങളും അടങ്ങിയ ഈ ആപ്പ് വലിയൊരു സന്ദേശം നൽകാൻ ഉതകുന്നതാണെന്ന് ആശംസ നേർന്നുകൊണ്ട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ശശീന്ദ്രനാഥ് കൂട്ടിച്ചർത്തു. വരും നാളുകളീൽ സ്നേക്ക് പാർക്കുമായി ഒരുമിച്ച് വന്യ ജീവി സംരക്ഷണ മേഖലകളിൽ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടത് അനിവാര്യമാണെന്ന് വെറ്ററിനറി സർവകലാശാല അസി. പ്രൊഫ. ജോർജ് ചാണ്ടി ചൂണ്ടിക്കാട്ടി. ഈ ആപ്പ് വരുന്നതോടുകൂടി പാമ്പുകളെ കുറിച്ചുള്ള നമ്മുടെ പല സംശയങ്ങളും തെറ്റിദ്ധാരണങ്ങളും മാറ്റുവാൻ സഹായകമാകുമെന്ന് പിലികുള സൂ ഡയറക്ടർ ജയപ്രകാശ് ഭണ്ഡാരി അഭിപ്രായം പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ പി സി സി എഫ് ശ്രീ. സുരേന്ദ്രകുമാർ ഐ എഫ് എസ്, എം വി നികേഷ് കുമാർ, ഡപ്യൂട്ടി പി സി സി എഫ് ശ്രീജിത്ത്, പ്രശസ്ത ഉരഗ ശാസ്ത്രജ്ഞൻ റോമുലസ് വിറ്റേക്കർ, സിനിമാ താരം സന്തോഷ് കീഴാറ്റൂർ , എഴുത്തുകാരൻ പോൾ സഖറിയ, ശ്രീ സത്യ സായി ട്രസ്റ്റ് മേധാവി കെ എൻ ആനന്ദ കുമാർ, ഹെർപറ്റോളജിസ്റ്റ് ഡോ. സുചിത്ര, ആന്തൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി പി കെ ശ്യാമള ടീച്ചർ, വിജയ് നീലകണ്ഠൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.
എം വി ആർ സ്നേക്ക് പാർക്ക് ക്യൂറേറ്റർ ശ്രീ നന്ദൻ വിജയകുമാർ നന്ദി രേഖപ്പെടുത്തി.