ജെഡിയു നേതാവ് നിതീഷ് കുമാര്‍ നയിക്കുന്ന മന്ത്രി സഭ നാളെ ബിഹാറില്‍ അധികാരമേല്‍ക്കും. ബിജെപിയാണ് നിതീഷിനെ എന്‍ഡിഎയുടെ സഭാനേതാവായി നിര്‍ദേ ശിച്ചത്. അതേസമയം ഉപമുഖ്യമന്ത്രി പദത്തില്‍ ഇക്കുറി താന്‍ ഉണ്ടാകില്ലെന്ന് സുശില്‍ കുമാര്‍ മോദി വ്യക്തമാക്കി. ബിജെപിയുടെ തര്‍ക്കിഷോര്‍ പ്രസാദ്, രേണു ദേവി എന്നിവര്‍ ഉപമുഖ്യമന്ത്രിമാര്‍ ആകും. നാളെ വൈകിട്ട് നാലരയ്ക്കാണ് സത്യപ്രതിജ്ഞ.
ഇന്ന് ചേര്‍ന്ന എന്‍ഡിഎ ഘടകക്ഷികളുടെ നിയമസഭാ കക്ഷി യോഗമാണ് നിതീഷ് കുമാറിനെ മുന്നണിയുടെ സഭാ നേതാവായി തെരഞ്ഞെടുത്തത്. ശേഷം ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച നിതീഷിന് ഗവര്‍ണര്‍ അനുമതി നല്‍കി. 2014 ലെ ചെറിയ ഇടവേള ഒഴിച്ചാല്‍ തുടര്‍ച്ചയായ നാലാം തവണയാണ് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രി ആകുന്നത്.
നിതീഷ് കുമാര്‍ സര്‍ക്കാരിലെ പ്രധാനവകുപ്പുകള്‍ ബിജെപിയാകും ഇക്കുറി കൈയാളുക എന്നതും പ്രത്യേകതയാണ്. എല്ലാ ഘടക കക്ഷികള്‍ക്കും പ്രാതിനിധ്യം നല്‍കിയാകും എന്‍ഡിഎയുടെ സര്‍ക്കാര്‍ രൂപീകരണം എന്നാണ് വിവരം.