ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണം പൂർണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട്


കണ്ണൂർ :-
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണം പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടായിരിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. പ്രചാരണത്തിനായി സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പരിസ്ഥിതി സൗഹൃദവും മണ്ണില്‍ അലിഞ്ഞു ചേരുന്നതും പുനചംക്രമണം സാധ്യമാവുന്നതുമായ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ. പ്ലാസ്റ്റിക്, പിവിസി എന്നിവയില്‍ നിര്‍മിച്ച ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ പാടില്ല. പ്രചാരണ വസ്തുക്കള്‍ സ്ഥാപിക്കുന്നതിനായി പ്ലാസ്റ്റിക് പേപ്പറുകള്‍, നൂലുകള്‍, റിബണുകള്‍ എന്നിവ ഉപയോഗിക്കരുത്.  

തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ എല്ലാ സ്ഥാനാര്‍ഥികളും രാഷ്ട്രീയ കക്ഷികളും സ്ഥാപിച്ച തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ സ്വന്തമായി നീക്കം ചെയ്ത് നശിപ്പിക്കുകയോ പുനചംക്രമണം ചെയ്യുന്നതിന് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറുകയോ ചെയ്യണം. വോട്ടെടുപ്പ് അവസാനിച്ച് അഞ്ചു ദിവസത്തിനകം നീക്കം ചെയ്തില്ലെങ്കില്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറി അവ നീക്കം ചെയ്ത് ചെലവ് പരസ്യത്തിന്റെ ഗുണഭോക്താവായ സ്ഥാനാര്‍ഥിയില്‍ നിന്ന് ഈടാക്കണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും കോട്ടണ്‍ തുണി, പേപ്പര്‍, പോളി എത്തലീന്‍ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

വോട്ടെടുപ്പിന് ശേഷം പോളിംഗ് സ്‌റ്റേഷനുകളില്‍ അവശേഷിക്കുന്ന പേപ്പറുകളും മറ്റും നീക്കം ചെയ്യുന്നതിന് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ അവശേഷിക്കുന്ന പാഴ് വസ്തുക്കളും മറ്റും നീക്കം ചെയ്യേണ്ടത് ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പറേഷന്‍ സെക്രട്ടറിമാരാണ്.

പോളിംഗ് സ്‌റ്റേഷനുകളിലും വിതരണ, സ്വീകരണ, വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ജൈവ, അജൈവ മാലിന്യങ്ങള്‍ വെവ്വേറെ നിക്ഷേപിക്കുന്നതിന് ഓരോ ക്യാരി ബാഗുകള്‍ വീതം സെക്രട്ടറിമാര്‍ ലഭ്യമാക്കണം. ഇവിടങ്ങളില്‍ ഉപയോഗിച്ച മാസ്‌ക്കുകള്‍ ശേഖരിക്കുന്നതിന് മഞ്ഞയും ഗ്ലൗസുകള്‍ ശേഖരിക്കുന്നതിന് ചുവപ്പും നിറങ്ങളിലുള്ള ക്യാരി ബാഗുകളും സെക്രട്ടറിമാര്‍ സജ്ജമാക്കണമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
Previous Post Next Post