കൊച്ചി :- സ്വന്തം ശബ്ദത്തിൽ വോട്ടഭ്യർഥിക്കാൻ സ്ഥാനാർഥികൾക്ക് ബി.എസ്.എൻ.എൽ. സഹായം നൽകും. പ്രചാരണം അവസാനിപ്പിക്കുന്നതിന് 48 മണിക്കൂർമുമ്പുവരെ വോട്ടുതേടാൻ ബി.എസ്.എൻ.എൽ. അവസരമൊരുക്കും.
ഔട്ട് ബൗണ്ട് കോളിങ്, പേഴ്‌സണലൈസ്‌ഡ് റിങ് ബാക്ക് ടോൺ എന്നീ സൗകര്യങ്ങളാണ് ബി.എസ്.എൻ.എൽ. പ്രചാരണത്തിനായി ഒരുക്കുന്നത്. ഔട്ട് ബൗണ്ട് കോളിങ് സർവീസ് വഴി, സ്ഥാനാർഥിയോ മുന്നണിനേതാക്കളോ നൽകുന്ന മൊബൈൽ നമ്പരുകളിലേക്ക് വോയ്‌സ് കോളിലൂടെ ബി.എസ്.എൻ.എൽ. ശബ്ദസന്ദേശം എത്തിക്കും. മൊബൈൽനമ്പർ ബി.എസ്.എൻ.എല്ലിന്റേതോ മറ്റ് സേവനദാതാക്കളുടേതോ ആകാം. സ്ഥാനാർഥിയോ മറ്റുള്ളവരോ നിർദേശിക്കുന്ന സ്ഥലത്തെ ബി.എസ്.എൻ.എൽ. ടവർ പരിധിയിലുള്ള എല്ലാ ബി.എസ്.എൻ.എൽ. ഉപഭോക്താക്കൾക്കും റെക്കോഡ്‌ചെയ്ത ശബ്ദസന്ദേശം അയയ്ക്കുകയും ചെയ്യും. അരമിനിറ്റുള്ള ഒരു കോളിന് 59.5 പൈസയാണ് ചെലവ്. സ്ഥാനാർഥിയുടെ മൊബൈലിലേക്ക് വിളിക്കുന്നവരെ റെക്കോഡ് ചെയ്ത ശബ്ദസന്ദേശം കേൾപ്പിക്കണമെന്നുള്ളവർക്ക് പേഴ്‌സണലൈസ്‌ഡ് റിങ് ബാക്ക് ടോൺ ഉപയോഗപ്പെടുത്താം.