മയ്യിൽ:- കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ളിക്ക് ലൈബ്രറി & സി.ആർ.സി ബാല വേദിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ശിശുദിനാഘോഷം കുട്ടികളുടെ പങ്കാളിത്തത്തോടെ സമുചിതമായി കൊണ്ടാടി.
"ചാച്ചാജിയും കുട്ടികളും " എന്ന വിഷയത്തിൽ ശ്രീനന്ദ രാഗേഷ് പ്രഭാഷണം നടത്തി. തുടർന്നു ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയനുമായി ആവണി രതീഷ്, ശ്രീലക്ഷ്മി. ആർ, ഋതുനന്ദന എം എന്നീ കൊച്ചു കുട്ടികൾ നടത്തിയ അഭിമുഖം ഏറെ ശ്രദ്ധേയമായിരുന്നു. കോവിഡു കാലത്തെ ജില്ലയിലെ ലൈബ്രറികളുടെ പ്രവർത്തനങ്ങളും ,മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ ഗ്രന്ഥശാല പ്രവർത്തകരുടെ ഇടപെടലുകളും അദ്ദേഹം എടുത്തുകാട്ടി. ഡിജിറ്റലൈസ് ചെയ്യപ്പെടുന്ന ലൈബ്രറികളും, ഭാവിയിലെ ലൈബ്രറികളും എങ്ങനെയായിരിക്കുമെന്നുള്ള കുട്ടികളുടെ ചോദ്യങ്ങൾക്ക് കേവലം പുസ്തകവായനക്കപ്പുറം, സമൂഹത്തിൽ ഇടപെട്ടുകൊണ്ടു വലിയ സാംസ്കാരിക ദൗത്യം ഗ്രന്ഥാലയങ്ങൾക്ക് നിർവഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്നു ഋതുനന്ദന.എം,ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്താവ ലോകനം നടത്തി. ജനാധിപത്യം ജനകീയമാകുന്നതിൽ ഈ തെരഞ്ഞെടുപ്പിൻ്റെ പ്രാധാന്യം പ്രത്യേകം ചൂണ്ടിക്കാട്ടി.
ശിശുദിന പരിപാടിയുടെ ഭാഗമായി സംസ്ഥാന സ്കൂൾ കലോത്സവ ജേതാവ് വിഷ്ണുനാഥ് ദിവാകറിൻ്റെ ഓൺലൈൻ മോണോആക്ടും ഉണ്ടായിരുന്നു.
മുഴുവൻ ഓൺലൈൻ ശിശുദിനാഘോഷ പരിപാടികളും നിയന്ത്രിച്ചത് കുട്ടികളായിരുന്നു.