കണ്ണൂർ :- കള്ളവോട്ട് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കി വോട്ടെടുപ്പ് സുഗമമാക്കാന്‍ ജില്ലയിലൊരുക്കിയ വെബ് കാസ്റ്റിംഗ് സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. പരിശീലന ക്ലാസിന്റെ ഉദ്ഘാടനം എഡിഎം ഇ പി മേഴ്സി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മീറ്റിംഗ് ഹാളിലാണ് കണ്‍ട്രോള്‍ റൂം ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളില്‍ നിന്നുള്ള 50ലേറെ ഉദ്യോഗസ്ഥര്‍ക്കാണ് ഐടി മിഷന്‍, കെല്‍ട്രോണ്‍ എന്നിവയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയത്.
ജില്ലയില്‍ പ്രശ്നസാധ്യതയുള്ള 940 ബൂത്തുകളില്‍ നെറ്റ് കണക്ടിവിറ്റി സംവിധാനമുള്ള 881 ബൂത്തുകളിലാണ് വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ബാക്കിയുള്ള 59 ബൂത്തുകളും രാഷ്ട്രീയ പാര്‍ട്ടികള്‍ പണമടച്ച് ആവശ്യപ്പെട്ട ബൂത്തുകളും ഉള്‍പ്പെടെ 482 ബൂത്തുകളില്‍ വീഡിയോ ചിത്രീകരണത്തിനുള്ള സംവിധാന മൊരുക്കിയിട്ടുണ്ട്. വെബ്കാസ്റ്റിംഗ് സംവിധാനമുള്ള ഓരോ ബൂത്തിലും ഒരു വെബ്കാസ്റ്റിംഗ് ഓപ്പറേറ്ററെ നിയോഗിച്ചിട്ടുണ്ട്. ബൂത്തിലെത്തുന്ന ഓരോ വോട്ടര്‍മാരും വോട്ട് ചെയ്യാനെത്തുന്നതും രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങുന്നതും ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളും തത്സമയം രേഖപ്പെടുത്തും. പ്രശ്നസാധ്യത ബൂത്തുകളില്‍ ഒരുക്കിയ വെബ്കാസ്റ്റിംഗിലൂടെ വോട്ടെടുപ്പ് നടപടികള്‍ വെബ്കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂം മുഖേന ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ക്ക് തത്സമയം മനസിലാക്കാം. അക്ഷയ, ജില്ലാ ഐടി സെല്‍ (റവന്യൂ), നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍, ബിഎസ്എന്‍എല്‍, കെഎസ്ഇബി എന്നിവയുടെ ഏകോപനത്തോടെയാണ് വെബ്കാസ്റ്റിംഗ് സജ്ജീകരിച്ചിരിക്കുന്നത്. ഈ ദൃശ്യങ്ങള്‍ കെല്‍ട്രോണിന്റെ സെര്‍വറില്‍ സൂക്ഷിക്കും.
പരിശീലന പരിപാടിയില്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) മുഹമ്മദ് റഫീഖ്, ജൂനിയര്‍ സൂപ്രണ്ട് അബ്ദുള്‍ മജീദ്, ഐടി മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ടി തനൂജ്, കെല്‍ട്രോണ്‍ കോ-ഓര്‍ഡിനേറ്റര്‍ രേഷ്മ തങ്കച്ചന്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.