പരിശോധന കര്‍ശനം; പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്ക് പിടിവീഴും

 


കണ്ണൂര്‍ :പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗവും വില്‍പനയും ഏറിയ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കി നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കാന്‍ ശുചിത്വമാലിന്യ സംസ്‌കരണ ജില്ലാ ഏകോപന സമിതി യോഗം തീരുമാനിച്ചു.


വളരെ മുമ്പ് വിപണിയില്‍ നിന്ന് അപ്രത്യക്ഷമായ 30 എംഎം ക്യാരി ബാഗുകള്‍ പോലും ഇപ്പോള്‍ സുലഭമായ സാഹചര്യത്തിലാണ് തീരുമാനം. ജില്ലാ തലത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചുമതലയില്‍ സ്‌ക്വാഡ് രൂപീകരിച്ച്‌ പ്രധാന കേന്ദ്രങ്ങളില്‍ പരിശോധന നടത്തും. നിരവധി ക്യാമ്പയിനുകളിലൂടെ ഒരു പരിധി വരെ നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രണ വിധേയമാക്കിയിരുന്നു. എന്നാല്‍ കോവിഡ് 19 രോഗ വ്യാപന സമയത്ത് ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കാമെന്ന ജനങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണയാണ് വ്യാപകമായ ഉപയോഗത്തിനും വില്‍പനക്കും വഴി വെച്ചത്. ഇവയുടെ ഉപയോഗം ആരോഗ്യത്തിന് ദോഷകരമാണെന്ന് ആരോഗ്യ വകുപ്പ് നേരത്തേ അറിയിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനും അവയുടെ പുനരുപയോഗം പരമാവധി വര്‍ധിപ്പിച്ച്‌ പാരിസ്ഥിതിക പ്രശ്‌നങ്ങളെ മറികടക്കാനുമുള്ള ഊര്‍ജിത ശ്രമത്തിന്റെ ഭാഗമായാണ് 2020 ജനുവരി ഒന്നു മുതല്‍ ഒറ്റതവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഉത്തരവിറങ്ങി ഒരു വര്‍ഷം പിന്നിടുമ്പോഴും കടകളില്‍ ക്യാരി ബാഗുകളടക്കം സുലഭമായി വില്‍ക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ഏകോപന സമിതി പരിശോധന കടുപ്പിക്കാന്‍ തീരുമാനിച്ചത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരോട് അവരവരുടെ പഞ്ചായത്ത് നഗരസഭാ പരിധിയില്‍പെടുന്ന വ്യാപാര സ്ഥാപനങ്ങളില്‍ ശക്തമായ പരിശോധന നടത്താന്‍ യോഗം നിര്‍ദേശിച്ചു.



Previous Post Next Post