മയ്യിൽ :- തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം ഏർപ്പെടുത്തിയതാണ് എൻ ഉണ്ണികൃഷ്ണൻ പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു.
പതിനായിരം രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം.
മയ്യിൽ ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ട കൃഷി, സാമൂഹ്യ സേവനം, രാഷ്ട്രീയം, കല, സാഹിത്യം, ഫോക് ലോർ, തൊഴിൽ, പാചകം, കായികം തുടങ്ങി സാമൂഹ്യ ജീവിതത്തിന്റെ അനാദിയായ മേഖലകളിൽ സവിശേഷമായി ഇടപെടുന്നവരെയാണ് അവാർഡിനായി പരിഗണിക്കുക.
അത്തരത്തിലൊരാളെ നിങ്ങൾക്ക് അറിയാമെങ്കിൽ, അതിലൊരാൾ നിങ്ങളാണെങ്കിൽ 9400676183എന്ന വാട്സ് ആപ്പ് നമ്പറിൽ വിളിക്കുകയോ വിവരങ്ങൾ കൈമാറുകയോ ചെയ്യുകയാണ് വേണ്ടത്.
അവസാന തീയതി 2021 ജനുവരി 5.
പ്രഥമ ഉണ്ണികൃഷ്ണൻ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത് പരമ്പരാഗത കർഷകനായ മലയൻകുനി ദാമോദരനെ ആയിരുന്നു. പുലർകാലം മുതൽ രാത്രി വളരും വരെ വയലിൽ, കൃഷിക്കും മണ്ണിനുമായി ജീ്വിച്ചൊരാൾ.വയലിലെ തിളച്ചുമറിയുന്ന ഉച്ചവെയിലിൽ മാങ്ങാടൻ തോർത്തുചുറ്റി അന്നം വിളയിച്ചൊരാളെ കണ്ടെടുക്കുകയായിരുന്നു.
രണ്ടാമത് പുരസ്കാരം മുതിർന്ന പൊതുപ്രവർത്തകനായ എ വിക്കായിരുന്നു. നാടിന് വേണ്ടി ആയുസ് സമർപ്പിച്ച എവിക്ക് ലഭിച്ച ആദ്യത്തെയും അവസാനത്തെയും പുരസ്കാരം. മൂന്നാമത്തെ പുരസ്കാരം മയ്യിലിന്റെ ഫുട്ബോൾ തലമുറകളെ വാർത്തെടുത്ത കൈപ്രത്ത് ചന്ദ്രേട്ടന്.
ജനജീവിതത്തിന്റെ തീർത്തും വിഭിന്നമായ ഇടങ്ങളിൽ ഏകാത്മകമായ താളത്തിൽ വ്യാപരിച്ച മൂന്നു പേർ.നാലാമത് പുരസ്കാരം തലമുറകളുടെ പിറവികൾക്ക് സാക്ഷിയായ വയറ്റാട്ടി മലയൻ പറമ്പിൽ നാണിക്കായിരുന്നു.
നമുക്കിടയിൽ ഇതുപോലെ ഇനിയും പലരുണ്ട്.കൺമുന്നിലുണ്ടായിട്ടും തിരിച്ചറിയപ്പെടാതെ പോകുന്ന (അ)സാധാരണ മനുഷ്യർ. വെള്ളിവെളിച്ചങ്ങൾക്കിടയിലൊന്നും നാം അവരെ കണ്ടെന്നു വരില്ല. അത്തരം പച്ച മനുഷ്യരെയാണ് എൻ ഉണ്ണിക്കൃഷ്ണന്റെ പേരിലുള്ള പുരസ്കാരം ഇനിയും തേടുന്നത്.
ജനുവരി അവസാനവാരം ചേരുന്ന ചടങ്ങിൽ ഈ വർഷത്തെയും കോവിഡ് നിയന്ത്രണങ്ങൾ മൂലം വിതരണം മാറ്റിവെച്ച നാലാമത് പുരസ്കാരവും സമ്മാനിക്കും.