തിരുവനന്തപുരം :- അഞ്ച് പ്രതിദിന തീവണ്ടി സർവീസുകൾകൂടി പുനരാരംഭിക്കാൻ ദക്ഷിണ റെയിൽവേ അനുമതി നൽകി. പൂർണമായും റിസർവേഷനുള്ള സ്പെഷ്യൽ വണ്ടികളായിട്ടാകും സർവീസ് നടത്തുക.
തിരുവനന്തപുരം സെൻട്രൽ-എറണാകുളം ജങ്‌ഷൻ പ്രതിദിന തീവണ്ടി ഡിസംബർ 14-ന് ആരംഭിക്കും. വൈകീട്ട് 5.45-ന് പുറപ്പെടുന്ന വണ്ടി 11.10-ന് എറണാകുളത്ത് എത്തും. എറണാകുളം ജങ്‌ഷനിൽനിന്ന് തിരുവനന്തപുരം സെൻട്രലിലേക്ക് എല്ലാ ദിവസവു പുലർച്ചെ 5.05-ന് പുറപ്പെടുന്ന തീവണ്ടി സർവീസ് 16-ന് ആരംഭിക്കും.
എറണാകുളം ജങ്‌ഷനിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചുമുള്ള പ്രതിദിന തീവണ്ടി സർവീസ് 15-ന് തുടങ്ങും. രാവിലെ ആറിന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന വണ്ടി 11.45-ന് കണ്ണൂരിലെത്തും. കണ്ണൂരിൽനിന്ന് 2.50-ന് പുറപ്പെടുന്ന വണ്ടി രാത്രി 9.10-ന് എറണാകുളം ജങ്‌ഷനിലെത്തും.
തിരുവനന്തപുരം സെൻട്രലിൽനിന്ന് മംഗളൂരുവിലേക്കുള്ള പ്രതിദിന സർവീസ് 16-ന് ആരംഭിക്കും. രാത്രി 08.50-ന് പുറപ്പെടുന്ന വണ്ടി അടുത്തദിവസം പകൽ 11.35-ന് മംഗളൂരുവിലെത്തും. മംഗളൂരുവിൽനിന്നുള്ള സർവീസ് 19-ന് പുനരാരംഭിക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് 2.20-ന് പുറപ്പെടുന്ന വണ്ടി അടുത്തദിവസം പുലർച്ചെ 4.40-ന് തിരുവനന്തപുരം സെൻട്രലിൽ എത്തും.