മയ്യിൽ : - ചരിത്രത്തിൽ ഇടതിനെ ചേർത്തു പിടിച്ച പഞ്ചായത്തുകളിൽ ഒന്നാണ് മയ്യിൽ പഞ്ചായത്ത്. യു,.ഡി.എഫിന്റെ സ്വാധീനം എല്ലാ വാർഡുകളിലുമുണ്ടെങ്കിലും സി.പി.എമ്മാണ് വിജയതിലകം അണിയാറുള്ളത്. എൻ.ഡി.എ.യ്ക്ക് നേരിയ വോട്ടർമാരാണ് ഇവിടെയുള്ളതെന്നാണ് ഇതുവരെയുള്ള തിരഞ്ഞെടുപ്പിൽ തെളിയുന്നത്.
നിലവിൽ 18 വാർഡുകളിൽ 16 എണ്ണം എൽ.ഡി.എഫിനും രണ്ടെണ്ണം യു.ഡി.എഫിനുമാണുള്ളത്. മയ്യിൽ പഞ്ചായത്തിലെ നെൽക്കൃഷി വികസന പദ്ധതിയിലൂടെ കർഷകർക്കുണ്ടായ നേട്ടവും സംസ്ഥാനത്താകെ മയ്യിൽ മാതൃകാ നെൽക്കൃഷി പ്രചരിപ്പിക്കാനായതും എടുത്തുപറഞ്ഞാണ് എൽ.ഡി.എഫ്. വോട്ടർമാരെ കാണുന്നത്. കൂടാതെ ഗ്രാമീണമേഖലയിലെ മഹാഭൂരിപക്ഷം റോഡുകളുടെയും അഭിവൃദ്ധി, അങ്കണവാടികളുടെ ക്ഷേമപ്രവർത്തനങ്ങൾ, വയോജനക്ഷേമം, ശുചിത്വ പദ്ധതികൾ, കുടിവെള്ള പദ്ധതികൾ എന്നിവയും പ്രചരണത്തിലുണ്ട്.
കഴിഞ്ഞതവണ എൽ.ഡി.എഫ്. ഘടകകക്ഷിയായ സി.പി.ഐ.ക്ക് ഒരു സീറ്റ് നൽകിയെങ്കിലും ഇത്തവണ ഒന്നുമില്ല. നാലാം വാർഡായ ഇരുവാപ്പുഴ നമ്പ്രത്ത് എൽ.ഡി.എഫിന് സ്വതന്ത്രസ്ഥാനാർഥിയാണ് മത്സരിക്കുന്നത്. പാർട്ടി ചിഹ്നം ഒഴിവാക്കിയത് യു.ഡി.എഫിന് അനുകൂലമാകുമെന്ന കാഴ്ചപ്പാടാണ് പ്രവർത്തകർക്കുള്ളത്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയോടൊപ്പം മുസ്‌ലിം ലീഗ് പിന്തുണയോടെ സ്വതന്ത്രസ്ഥാനാർഥി മത്സരിക്കാനിറങ്ങിയെങ്കിലും പിന്നീട് മുസ്‌ലിം ലീഗ് ഇവരെ തള്ളിയിരിക്കയാണ്. നിലവിൽ കപ്പൽ ചിഹ്നത്തിൽ എം.ടി. തസ്ലീമ നേടുന്ന വോട്ട് നിർണായകമായിരിക്കും.
എന്നാൽ പഞ്ചായത്ത് വാതക ശ്മശാനം പണിയുമെന്നത് ഇന്നും കടലാസിൽ തന്നെയാണെന്ന് യു.ഡി.എഫ്. എടുത്തുപറയുന്നു. കൂടാതെ കാർഷിക മേഖലയിൽ മുടക്കിയ പണത്തിനനുസരിച്ചുള്ള ഉത്‌പാദന വർധന ഉണ്ടാക്കാൻ സാധിക്കാത്തതും മയ്യിൽ പോലീസ് സ്റ്റേഷന് പത്ത് വർഷമായിട്ടും കെട്ടിടം പണിയാനുള്ള ആലോചനപോലും നടന്നിട്ടില്ലെന്നതും നിരത്തുന്നുണ്ട്. ഖരമാലിന്യം സംസ്കരണ പ്ലാന്റ് സ്വപ്‌നം മാത്രമായി നിൽക്കുന്നതായും പറയുന്നു. യു.ഡി.എഫ്. പിന്തുണയോടെ ഒമ്പതാം വാർഡിലെ സ്ഥാനാർഥി മത്സരിക്കുന്നതോടെ ത്രികോണ മത്സരരംഗം ചൂടുപിടിച്ചു. കഴിഞ്ഞതവണ പഞ്ചയത്തിലെ പത്ത് വാർഡുകളിൽ എൻ.ഡി.എ.ക്ക് സ്ഥാനാർഥിയുണ്ടായിരുന്നത് ഇക്കുറി ഏഴിലേക്ക് ചുരുങ്ങി. മാറാനുറച്ച് തന്നെയാണ് ഗ്രാമീണമേഖലയെന്നാണ് എൻ.ഡി.എ. വൃത്തങ്ങളുടെ നിലപാട്. ഇവിടെ എട്ട് വാർഡുകളിൽ സ്ത്രീസംവരണവും ഒരു വാർഡ് പട്ടികജാതി സംവരണത്തിലുമാണ്.
മത്സര രംഗം 2020
ആകെ വാർഡ്: 18
എൽ.ഡി.എഫ്.
സി.പി.എം.: 17
സി.പി.എം. സ്വതന്ത്ര.: 1
യു.ഡി.എഫ്.
കോൺഗ്രസ്: 13
യു.ഡി.എഫ്. സ്വതന്ത്രൻ: 1.
മുസ്‌ലിം ലീഗ്: 4
എൻ.ഡി.എ.
ബി.ജെ.പി.: 7
മറ്റുള്ളവർ
സ്വതന്ത്ര.: 1