കമ്പിൽ :- കൊളച്ചേരി പഞ്ചായയത്തിലെ ആയുർവേദ ആശുപത്രിയുടെ സേവനം കമ്പിൽ ബസാറിൽ ആഴ്ചയിൽ രണ്ട് ദിവസം ലഭ്യമാക്കുമെന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ ഉത്തരവ് പുറത്തിറങ്ങിയിട്ട് മാസങ്ങളായിട്ടും ഇതു വരെ പ്രവർത്തനം തുടങ്ങാത്തത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാവുകയാണ്.
വർഷങ്ങളായി കമ്പിലിൽ പ്രവർത്തിച്ചു വന്ന ആയുർവേദ ആശുപത്രി പള്ളിപറമ്പിൽ സ്വന്തം കെട്ടിടത്തിലേക്ക് മാറുകയായിരുന്നു. ആയുർവേദാശുപത്രി സ്ഥിതി ചെയ്യുന്ന പള്ളിപ്പറമ്പിലെ യാത്രാ ബുദ്ധിമുട്ട് നേരത്തേ തന്നെ ചർച്ചയായിരുന്നു.
പ്രസ്തുത വിഷയം ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസറുടെയും പഞ്ചായത്ത് ഭരണസമിതിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നതോടെയാണ് ആഴ്ചയിൽ രണ്ട് ദിവസം കമ്പിൽ പ്രവർത്തിപ്പിക്കാൻ ഉത്തരവായത്.
ഒട്ടേറെ പേർക്ക് ഗുണപ്രദമാവുന്ന ഉത്തരവ് ഉടൻ നടപ്പിലാക്കണമെന്ന ആവശ്യം ശക്തമായി വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്.
സംഘ മിത്രാ സാസ്കാരിക സമിതി ഈ ആവശ്യം ഉന്നയിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകിയിട്ടുമുണ്ട്.
ആശുപത്രിയുടെ സേവനം കമ്പിൽ ടൗണിൽ കൂടി ലഭ്യമായാൽ അത് ഒരു പാട് പേർക്ക് ഗുണകരമായി തീരും. അധികാരികൾ അതിനാവശ്യമായ നടപടികൾ ഉടൻ കൈകൊള്ളണമെന്ന ആവശ്യമാണ് ജനങ്ങളിൽ നിന്നും ഉയരുന്നത്.