മട്ടന്നൂർ: തലശ്ശേരി വളവുപാറ റോഡ് വികസനത്തിന്റെ ഭാഗമായി റോഡ് നിരപ്പിൽ നിന്നും 3 അടിയോളം താഴ്ന്ന മട്ടന്നൂർ തലശ്ശേരി റോഡിലെ ദാന ഗോൾഡ് ബിൽഡിംഗ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു ഉയർത്തുന്നു .
ഓസ്‌ട്രേലിയയിൽ പഴയ കാലം മുതൽ തന്നെ പ്രചാരത്തിലുള്ള ഈ വിദ്യ ഇന്ത്യയിലെ വൻകിട നഗരങ്ങളിൽ കുറച്ചു കാലമായി നിലവിൽ ഉണ്ടെങ്കിലും കേരളത്തിൽ വിശിഷ്യാ വടക്കേ മലബാറിൽ ഇത് പുതുമ ഉള്ള കാഴ്ച ആണ് .
നിലവിൽ ഉള്ള പ്രതലത്തിൽ നിന്നും 1 മീറ്ററോളം ഹൈഡ്രോളിക് യന്ത്ര സഹായത്തോടെ ഉയർത്തുകയാണ് . ചെന്നൈ , മുംബൈ ,ഡൽഹി ,ബാംഗ്ലൂർ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിൽ ഇത് കുറച്ചു മുമ്പ് തന്നെ പ്രാബല്യത്തിൽ ഉണ്ട് .5000 ചതുരശ്ര അടിയോളം വിസ്തീർണമുള്ള മട്ടന്നൂർ ദാന ഗോൾഡ് ബിൽഡിംഗ് ഉയർത്തി സ്ഥാപിക്കുന്നതിന് കരാർ ഏറ്റെടുത്തിരിക്കുന്നത് ഇന്ത്യയിലേ തന്നെ പ്രശസ്തമായ രീതിയിൽ പ്രവർത്തിക്കുന്ന ഒപ്ട്യും ഗ്രൂപ്പ് ആണ് . കാൽ കോടിയോളം രൂപ ചിലവ് വരുന്ന പദ്ധതി നടപ്പിൽ വരുത്തുന്നതിനായി ഏതാണ്ട് 4 മാസത്തോളം സമയം വേണ്ടി വരും .ഒരു മാസത്തോളമായി 250 ഓളം വലിയ ജാക്കികൾ വെച്ച് 100 ഓളം തൊഴിലാളികളുടെ സഹായത്തോടെ ഒരേ സമയം പതിയെ പതിയെ ഉയർത്തികൊണ്ടിരിക്കുകയാണ് .അതിനൊപ്പം കോൺക്രീറ്റ് പില്ലറുകളും സിമന്റ് കട്ടകളും മറ്റും ഇട്ട് ബലപ്പെടുത്തുകയും ചെയ്യുന്നു . മട്ടന്നൂർ തലശ്ശേരി റോഡിൽ സ്ഥിതി ചെയ്യുന്ന ഈ ബിൽഡിങ്ങിന് ഏതാണ്ടു 10 വര്ഷത്തോളം പഴക്കമുണ്ട് ,കാലാവസ്ഥ വ്യതിയാനങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന കേരളത്തിന് പ്രളയവും മറ്റും വിനയാകുമ്പോൾ വെള്ളത്തിൽ താഴുന്ന പാർപ്പിട കമ്പോള കെട്ടിടങ്ങൾ ഈ ആധുനിക രീതി സ്വീകരിച്ചു ഉയർത്തി സ്ഥാപിക്കാവുന്നതാണ് .ഓപ്ട്യും ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ആഷിഖ് ഇബ്രാഹിമിന്റെ നേതൃത്വത്തിൽ ഉള്ള സംഘം ഒരു മാസത്തോളമായി മട്ടന്നൂരിലെ ദാന ഗോൾഡ് ബിൽഡിംഗ് ഉയർത്തി സ്ഥാപിക്കുന്നതിനായി കൈ മെയ് മറന്ന് പ്രവർത്തിക്കുകയാണ്.