പറശ്ശിനിക്കടവ്: കാൻസർ ദിനത്തോടനുബന്ധിച്ച് പറശ്ശിനിക്കടവ് എം വി ആർ ആയുർവേദ മെഡിക്കൽ കോളേജ് ആതിഥേയത്വം വഹിച്ച വെബിനറിൽ പ്രശസ്ത ഓൺകോളജിസ്റ് ഡോ. വി പി ഗംഗാധരൻ കാൻസർ പ്രതിരോധത്തിന് ആയുർവേദ ഭക്ഷണക്രമവും ദിനചര്യകളും പ്രധാനമാണ് എന്നു അഭിപ്രായപ്പെട്ടു.
ഈ ആശയം പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ആയുർവേദ സമൂഹത്തിനു ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഫൈറ്റോകെമിക്കലുകളും നാരുകളും അടങ്ങുന്ന ഭക്ഷണങ്ങൾക്ക് കാൻസറിനെ തടയാൻ കഴിയുമെന്നും ഫാസ്റ്റ് ഫുഡ് സംസ്കാരം യഥാർത്ഥത്തിൽ ഫാസ്റ്റ് കില്ലിംഗ് സംസ്കാരം ആണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് പ്രഭാഷണം നടത്തിയ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ മുൻ ഡയറക്ടർ ഡോ. വാസുദേവൻ നമ്പൂതിരി ശരീരവും മനസ്സും ക്യാൻസറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചു.
സൈക്കോസോമാറ്റിക് പ്രഭാവം മൂലം ക്യാൻസറിനെ കുറിച്ചുള്ള ഭയം രോഗ ബാധ ഇരട്ടിക്കുന്നതിനു കാരണമാകാം എന്ന് അദ്ദേഹം നിരീക്ഷിച്ചു. “ശരിയായ ചിന്തകൾ, ശരിയായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം എന്നിവക്കു കാൻസറിനെ സുഖപ്പെടുത്താനും തടയാനും കഴിയും” എന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന പ്രഭാഷണത്തിൽ പ്രൊഫ. ഇ. കുഞ്ഞിരാമൻ മനുഷ്യരാശിക്ക് ഭീഷണിയായേക്കാവുന്ന കാൻസർ രോഗത്തെ ശാസ്ത്രത്തിന്റെ എല്ലാ ശാഖകളും ഒറ്റക്കെട്ടായി കൈകാര്യം ചെയ്യേണ്ട ആവശ്യകതെയെ കുറിച്ച് പ്രതിപാദിച്ചു. എം. വി. ആർ.ആയുർവേദ മെഡിക്കൽ കോളേജ് ഒരു കാൻസർ കെയർ ക്ലിനിക്ക് ആരംഭിക്കുമെന്നും, അവിടെ രോഗികൾക്ക് പാലറ്റീവ് കെയറിനൊപ്പം ചികിത്സയും ബോധവൽക്കരണ പരിപാടികളും കൗൺസിലിംഗും നൽകുമെന്നും ഡയറക്ടർ കൂട്ടിച്ചേർത്തു.
എം വി ആർ ആയുർവേദ കോളേജിലെ കായചികിത്സാ വിഭാഗവും എം വി ആർ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച വെബിനാറിൽ അഞ്ഞൂറോളം ആളുകൾ പങ്കെടുത്തു.
എം വി ആർ ആയുർവേദ കോളേജ് ഡയറക്ടർ പ്രൊഫ. ഇ കുഞ്ഞിരാമൻ ഉദ്ഘാടനം നിർവഹിച്ച വെബ്ബിനാറിൽ, പ്രിൻസിപ്പൽ പ്രൊഫ. ഡോ. മുരളീധരൻ എ. കെ അധ്യക്ഷത നിർവഹിക്കുകയും അസോസിയേറ്റ് പ്രൊഫസർ ആൻഡ് സിഐഒ ഡോ. വിനീത് ജോർജ് ആമുഖ പ്രസംഗവും കായ ചികിത്സാ വിഭാഗം മേധാവി ഡോ. അമ്പിളി അരവിന്ദ് സ്വാഗതവും ആശംസിച്ചു. പ്രോഗ്രാം കോഡിനേറ്റർ ഡോ. അനുപമ, ഡോ. ജിൻസ, ഡോ അൻസാർ അബൂബക്കർ എന്നിവർ വെബിനറിൽ സംബന്ധിച്ചു.