തളിപ്പറമ്പ് :- പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര സന്ദർശിച്ചു കൊണ്ടാണ് തളിപ്പറമ്പ് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.വി.പി അബ്ദുൽ റഷീദ് ചൊവ്വാഴ്ച്ചത്തെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് പി.എം. പ്രേംകുമാർ, ആന്തൂർ മണ്ഡലം പ്രസിഡന്റ് വത്സൻ കടമ്പേരി, മണ്ഡലം സെക്രട്ടറി പി.എം. പ്രിയേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. മടപ്പുര ദർശനം നടത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രസാദവും ഏറ്റുവാങ്ങി. തുടർന്ന് ട്രസ്റ്റി കുടുംബാംഗങ്ങളോട് വോട്ട് അഭ്യർത്ഥിച്ചു. അതിന് ശേഷം പറശിനിക്കടവിലെ വ്യാപാര സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡ്, ഓട്ടോ സ്റ്റാൻഡ് എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി. പൊതു ജനങ്ങൾ, വ്യാപാരികൾ, ഓട്ടോ തൊഴിലാളികൾ തുടങ്ങിയവരോട് വോട്ട് അഭ്യർത്ഥിച്ചു.
പിന്നീട്, പരിയാരം, കോരൻ പീടിക എന്നിവിടങ്ങളിലെത്തി. യുഡിഎഫ് നേതാക്കളെയും പ്രവർത്തകരെയും സന്ദർശിച്ചു. പരിയാരം പഞ്ചായത്ത് യു.ഡി.എഫ് നേതാക്കളായ പി.വി.അബ്ദുൽ ഷുക്കൂർ, പി.വി. സജീവൻ, അഷ്റഫ് കൊട്ടോല, രാജീവൻ വെള്ളാവ് തുടങ്ങിയവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.