വിവാഹ സംഘം സഞ്ചരിച്ച വാൻ നിയന്ത്രണംവിട്ട് ആറടി താഴ്ചയിലുള്ള കിണറിന്റെ കൈവരി തകർത്തുനിന്നു. മുല്ലക്കൊടിയിലെ ചെത്തുതൊഴിലാളിയായ പനച്ചിക്കൽ സുരേശന്റെ വീടിന്റെ കിണറിലേക്കാണ് വാനിടിച്ചു കയറിയത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവം. വാഹനം കിണറ്റിലേക്ക് വീഴാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
മട്ടന്നൂരിൽ നിന്ന് തളിപ്പറമ്പ് ഭാഗത്തേക്കു പോയ വാനാണ് അപകടത്തിൽപ്പെട്ടത്. കിണറിന്റെ കൈവരി തകർത്താണ് വാൻ നിന്നത്. വാനിലുണ്ടായിരുന്ന പരിക്കേറ്റ ആറുപേരെ നാട്ടുകാരും മയ്യിൽ പോലീസും ചേർന്ന് മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് ജില്ലാ ആസ്പത്രിയിലുമെത്തിച്ചു.
വാനിന്റെ മുൻഭാഗവും അരികും പൂർണമായും തകർന്നു. മുല്ലക്കൊടിയിലെ ഈ ഭാഗത്തുള്ള അരകിലോ മീറ്റർ ദൂരത്ത് കൈവരി, സുരക്ഷാ ബോർഡുകൾ എന്നിവ സ്ഥാപിക്കണമെന്ന് നാട്ടുകാർ നേരത്തേ ആവശ്യപ്പെട്ടിരുന്നു. നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്