മയ്യിൽ:- ശക്തമായ മഴയെ തുടർന്ന് പ്രധാന റോഡുകൾ ഉൾപ്പടെ തകർന്ന സാഹചര്യത്തിൽ അറ്റകുറ്റപണികൾക്കുള്ള അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തിൽ സിപിഐ എം മയ്യിൽ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരുക്കുന്നത്. പലയിടങ്ങളിലും റോഡുകളിൽ വിള്ളൽ വീഴുകയും ടാറിംഗ് ഒലിച്ചുപോകുകയും ചെയ്തിട്ടുണ്ട്. കൂടാതെ മണ്ണിടിഞ്ഞ് അപകട ഭീഷണിയും നിലനിൽക്കുന്നു. പുതുതായി നിർമ്മിച്ചതും പുരോഗമിക്കുന്നതുമായ മയ്യിൽ കാഞ്ഞിരോട് റോഡ്, പാവന്നൂർമൊട്ട - ഇരിക്കൂർ റോഡ് തുടങ്ങിയ റോഡുകളിൽ പോലും യാത്രാ ദുരിതം അനുഭവപ്പെടുന്നുണ്ട്. മയ്യിൽ-എരിഞ്ഞിക്കടവു- കോറളായി തുരുത്ത് റോഡ് ഉയർത്തിയപ്പോൾ ചിലയിടങ്ങളിൽ വെള്ളക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്.
ഇത്തരം കെടുതികൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ ദ്രുതഗതിയിൽ ഉറപ്പുവരുത്തണമെന്നും സിപിഐ എം മയ്യിൽ ഏരിയാ കമ്മിറ്റി മുഖ്യമന്ത്രിക്ക് അയച്ച നിവേദനത്തിൽ പറഞ്ഞു.