തിരുവനന്തപുരം :- എൻ.സി.പിയിൽ മന്ത്രിസ്ഥാനം ടേം വ്യവസ്ഥയിൽ പങ്കുവെയ്ക്കാൻ തീരുമാനം. ഇതനുസരിച്ച് ആദ്യ രണ്ടരവർഷം എ.കെ. ശശീന്ദ്രൻ മന്ത്രിയാകും. പിന്നീട് തോമസ് കെ. തോമസും എൻ.സി.പി. മന്ത്രിയായി മന്ത്രിസഭയിലെത്തും.
ചൊവ്വാഴ്ച ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിന്റെ സാന്നിധ്യത്തിൽ നടന്ന നേതാക്കളുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
കഴിഞ്ഞ പിണറായി മന്ത്രിസഭയിലും അംഗമായിരുന്നു ഈ കണ്ണൂർ സ്വദേശി എ.കെ. ശശീന്ദ്രൻ . അതിനാൽ മന്ത്രിസ്ഥാനത്തിന് തുടർച്ച വേണമെന്നാണ് ശശീന്ദ്രൻ വിഭാഗം പാർട്ടിയിൽ ഉന്നയിച്ചത്. എന്നാൽ തോമസ് കെ. തോമസിനെ അനുകൂലിക്കുന്നവർ ഇതിനെതിരേ രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് മന്ത്രിസ്ഥാനം ടേം വ്യവസ്ഥയിൽ വീതംവെയ്ക്കാൻ നേതാക്കളുടെ യോഗത്തിൽ തീരുമാനിച്ചത്.
എലത്തൂരിൽനിന്നാണ് എ.കെ. ശശീന്ദ്രൻ ഇത്തവണയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2016-ലെ പിണറായി സർക്കാരിൽ അദ്ദേഹം മന്ത്രിയായിരുന്നെങ്കിലും ഫോൺവിളി വിവാദത്തിൽ 2017-ൽ രാജിവെച്ചു. പിന്നീട് കേസിൽ കുറ്റവിമുക്തനായതോടെ മന്ത്രിസഭയിൽ തിരിച്ചെത്തുകയായിരുന്നു. കുട്ടനാട്ടിൽനിന്നുള്ള എം.എൽ.എയാണ് തോമസ് കെ. തോമസ്. അന്തരിച്ച മുൻ എൻ.സി.പി. മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരൻ കൂടിയാണ്.