നാറാത്ത്: റോഡിന് ഒത്ത നടുവിലായുള്ള ഉണങ്ങി ദ്രവിച്ച കൂറ്റൻ മരം അപകട ഭീഷണിയുയർത്തുന്നു. റോഡ് വികസനത്തിന് വേണ്ടി റോഡരികിലെ പച്ചമരങ്ങൾ പ്രതിഷേധം പോലും വകവെക്കാതെ മുറിച്ചു നീക്കുന്ന കാലത്താണ് റോഡിന് നടുവിൽ മനുഷ്യ ജിവന് ഭീഷണിയായി നിലകൊള്ളുന്ന മരം സംരക്ഷിച്ചുനിർത്തുന്നത്.
കണ്ണാടിപ്പറമ്പ്- പുല്ലൂപ്പിക്കടവ് റോഡിലെ പാലത്തിനു സമീപത്തായാണ് ദ്രവിച്ച് വീഴാറായി നിൽക്കുന്ന മരമുള്ളത്. പ്രകൃതിരമണീയമായ ഇവിടെ നേരത്തെയുണ്ടായിരുന്ന മരത്തെ സംരക്ഷിച്ചു കൊണ്ടായിരുന്നറോഡ്J നിർമ്മിച്ചത്. വർഷങ്ങളായി യാത്രക്കാരുടെ സെൽഫി സ്പോട്ടായി മാറിയ മരമാണ് ഇപ്പോൾ ഉണങ്ങിവീഴാറായത്. ടാറിങ്ങ് നടത്തുമ്പോൾ മരത്തിനുചുറ്റും ചെറിയ തറ പണിയാത്തതാണ് മരം ഉണങ്ങാനിടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു. മയ്യിൽ, കൊളച്ചേരി, കണ്ണാടിപ്പറമ്പ് ഭാഗത്തുനിന്നുള്ള നിരവധി വാഹനങ്ങളാണ് ഇതുവഴി കണ്ണൂരേക്കും തിരിച്ചും പോകുന്നത്. കനത്ത മഴയിൽ മരം ഒരുഭാഗത്തേക്ക് ചായാനും തുടങ്ങിയിട്ടുണ്ട്. മരം ഏതെങ്കിലും വാഹനത്തിനുമുകളിൽ വീഴാനിടയുള്ളതിനാൽ എത്രയും പെട്ടെന്ന് മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. നാറാത്ത് പഞ്ചായത്ത് പരിധിയിലുള്ള മരം മുറിച്ചുമാറ്റാനായി പരാതി നൽകിയിരുന്നെങ്കിലും നടപടികളുണ്ടായില്ലെന്നാണ് ആരോപണമുയരുന്നത്