തിരുവനന്തപുരം :- ഉറപ്പാണ് തുടർഭരണം. അതെ, മലയാളികളും ആ മുദ്രാവാക്യം ഏറ്റെടുത്തു. പിണറായി എന്ന ക്യാപ്റ്റനിൽ വിശ്വസിച്ചു. ഒരു തുടർഭരണത്തിന് കേരളം വിധിയെഴുതി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തി പിണറായി വിജയൻ തിരുത്തിക്കുറിച്ചു. വിവാദങ്ങളേയും വെല്ലുവിളികളേയും നേരിട്ട് വിജയചരിത്രം ആവർത്തിക്കുന്നു പിണറായി വിജയൻ എന്ന കേരളത്തിന്റെ ക്യാപ്റ്റൻ.
തദ്ദേശ തിരഞ്ഞെടുപ്പ് ഒരു സെമിഫൈനലായിരുന്നു. വരാനിരിക്കുന്ന തകർപ്പൻ വിജയത്തിനുള്ള സൂചന. ഫൈനലിൽ ആധികാരിക വിജയം പിടിച്ചാണ് പിണറായി എന്ന സി.പി.എമ്മിന്റെ നായകൻ വിജയചരിത്രമെഴുതുന്നത്. ഇ.എം.എസ്സിനോ കരുണാകരനോ കഴിയാത്ത തുടർഭരണം എന്ന സ്വപ്നമാണ് പിണറായി ഉറപ്പാക്കിയത്.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ തകർക്കാനാവാത്ത ലീഡ് നിലയുമായാണ് ഇടതുമുന്നണി കുതിക്കുന്നത്. അവസാനഘട്ട കണക്കുകൾ പുറത്തുവരുമ്പോൾ പ്രതിപക്ഷത്തെപ്പോലും ഞെട്ടിച്ച് 98 സീറ്റുകളിൽ എൽ.ഡി.എഫ്. മുന്നേറുകയാണ്. തുടർഭരണമെന്ന എൽ.ഡി.എഫ്. പ്രതീക്ഷയിലേക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഒരു അട്ടിമറികൾക്കും സാധ്യതയില്ലാതെ എൽ.ഡി.എഫ്. രണ്ടാം വട്ടവും വിജയം ഉറപ്പിച്ചു.