റിയോ ഡി ജനീറോ :- കോപ്പ അമേരിക്കയില്‍ ബ്രസീലിന്റെ കുതിപ്പ് തുടരുന്നു. ഗ്രൂപ്പ് എ യില്‍ നടന്ന മത്സരത്തില്‍ പെറുവിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് മഞ്ഞപ്പട തകര്‍ത്തു. സൂപ്പര്‍ താരം നെയ്മറും അലെക്‌സ് സാന്‍ഡ്രോയും എവര്‍ട്ടണ്‍ റിബെയ്‌റോയും റിച്ചാര്‍ലിസണും ടീമിനായി സ്‌കോര്‍ ചെയ്തു.
ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത നെയ്മറിന്റെ മികവിലാണ് മഞ്ഞപ്പട ഗ്രൂപ്പിലെ തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കിയത്. ആദ്യ മത്സരത്തിലും നെയ്മര്‍ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ മത്സരത്തില്‍ കളിച്ചതില്‍ നിന്നും അഞ്ച് മാറ്റങ്ങളുമായാണ് ബ്രസീല്‍ പെറുവിനെതിരേ കളിക്കാനിറങ്ങിയത്. ഇരുടീമുകളും 4-2-3-1 ശൈലിയിലാണ് കളിച്ചത്. ആദ്യ പത്തുമിനിട്ടില്‍ ഒരു ഗോളവസരം പോലും സൃഷ്ടിക്കാന്‍ ബ്രസീലിനോ പെറുവിനോ സാധിച്ചില്ല. തണുപ്പന്‍ തുടക്കമാണ് മത്സരത്തിന് ലഭിച്ചത്.
11-ാം മിനിട്ടില്‍ ഫ്രെഡിലൂടെ ബ്രസീല്‍ ആദ്യ ഗോളവസരം സൃഷ്ടിച്ചു. എന്നാല്‍ താരത്തിന്റെ ലോങ്‌റേഞ്ചര്‍ പെറു ക്രോസ്ബാറിന് മുകളിലൂടെ പറന്നു. തൊട്ടുപിന്നാലെ 12-ാം മിനിട്ടില്‍ രണ്ടാമത്തെ മുന്നേറ്റത്തില്‍ തന്നെ കാനറികള്‍ പെറുവിന്റെ ഗോള്‍വല ചലിപ്പിച്ചു. പ്രതിരോധതാരം അലെക്‌സ് സാന്‍ഡ്രോയാണ് ബ്രസീലിനായി ഗോള്‍ നേടിയത്. മികച്ച പാസിങ് ഗെയിമിന്റെ ഫലമായാണ് ഗോള്‍ പിറന്നത്. ഗബ്രിയേല്‍ ജെസ്യൂസിന്റെ പാസില്‍ നിന്നാണ് ഗോള്‍ പിറന്നത്. അലെക്‌സ് സാന്‍ഡ്രോ ബ്രസീലിന് വേണ്ടി നേടുന്ന ആദ്യ ഗോളാണിത്.
ഗോള്‍ വഴങ്ങിയതോടെ പെറു ഉണര്‍ന്നുകളിച്ചു. എന്നാല്‍ ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ പോന്ന മുന്നേറ്റങ്ങള്‍ ടീമിന് നടത്താനായില്ല. മികച്ച ഒരു സ്‌ട്രൈക്കറുടെ അഭാവം പെറു ടീമില്‍ പ്രകടമായിരുന്നു. കരുത്തുറ്റ ബ്രസീല്‍ പ്രതിരോധം ആദ്യ പകുതിയില്‍ ഭേദിക്കാന്‍ പെറുവിന് സാധിച്ചില്ല.
44-ാം മിനിട്ടില്‍ അലെക്‌സ് സാന്‍ഡ്രോയുടെ ലോങ് റേഞ്ചര്‍ പെറു ക്രോസ്ബാറിന് മുകളിലൂടെ പറന്നു. പിന്നാലെ ആദ്യപകുതിയും അവസാനിച്ചു.
രണ്ടാം പകുതിയിലും മഞ്ഞപ്പട ആധിപത്യം പുലര്‍ത്തി. 53-ാം മിനിട്ടില്‍ ബ്രസീലിന്റെ ഡാനിലോയുടെ വെടിയുണ്ട കണക്കെയുള്ള കിക്ക് ഗോളായെന്ന് തോന്നിച്ചെങ്കിലും പെറു പോസ്റ്റിന് മുകളിലൂടെ പറന്നു. രണ്ടാം പകുതിയില്‍ കൂടുതല്‍ സമയം പന്ത് കൈവശം വെയ്ക്കാനാണ് ബ്രസീല്‍ ശ്രമിച്ചത്.
61-ാം മിനിട്ടില്‍ പെറു ബോക്‌സിനകത്ത് നെയ്മറെ മധ്യനിരതാരം ടാപ്പിയ വീഴ്ത്തിയതിനേത്തുടര്‍ന്ന് ബ്രസീലിന് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. എന്നാല്‍ വി.എ.ആറിന്റെ സഹായത്തോടെ റഫറി തീരുമാനം മാറ്റി. ഇതോടെ ബ്രസീലിന് പെനാല്‍ട്ടി നഷ്ടമായി.
എന്നാല്‍ പെനാല്‍ട്ടി നഷ്ടമായതിന്റെ സങ്കടം മികച്ച ഒരു ഗോള്‍ നേടിക്കൊണ്ട് നെയ്മര്‍ നികത്തി. 68-ാം മിനിട്ടിലാണ് നെയ്മര്‍ ബ്രസീലിന്റെ രണ്ടാം ഗോള്‍ നേടിയത്. പന്തുമായി മുന്നേറിയ നെയ്മറെടുത്ത നിലംപറ്റിയുള്ള ഷോട്ട് പെറു ഗോള്‍കീപ്പര്‍ ഗലീസിനെ കീഴടക്കി വലയിലെത്തി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സ്‌കോര്‍ ചെയ്യാന്‍ നെയ്മറിന് സാധിച്ചു.
78-ാം മിനിട്ടില്‍ പെറുവിന്റെ അലെക്‌സ് വലേറയ്ക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരം പന്ത് പുറത്തേക്കടിച്ച് അവസരം നശിപ്പിച്ചു. മത്സരത്തില്‍ പെറുവിന് ലഭിച്ച ഏറ്റവും മികച്ച ഗോളവസരമായിരുന്നു ഇത്. പിന്നീട് കളിയിലേക്ക് തിരിച്ചുവരാന്‍ പെറുവിന് സാധിച്ചില്ല.
86-ാം മിനിട്ടില്‍ ലഭിച്ച ഓപ്പണ്‍ ചാന്‍സ് ബ്രസീലിന്റെ ഫിര്‍മിനോ പാഴാക്കി. റിച്ചാലിസണിന്റെ പാസില്‍ നിന്നും അനായാസം ഗോളാക്കാമായിരുന്ന അവസരമാണ് ഫിര്‍മിനോ പാഴാക്കിയത്. അവസാന മിനിട്ടുകളില്‍ ബ്രസീല്‍ ചടുലമായ ആക്രമണ ഫുട്‌ബോളാണ് കാഴ്ചവെച്ചത്.
അതിന്റെ ഭാഗമായി 88-ാം മിനിട്ടില്‍ എവര്‍ട്ടണ്‍ റിബെയ്‌റോ ബ്രസീലിന്റെ മൂന്നാം ഗോള്‍ സ്‌കോര്‍ ചെയ്തു. നെയ്മറാണ് ഗോളിന് വഴിയൊരുക്കിയത്. നെയ്മറിന്റെ ക്രോസില്‍ നിന്നും റിബെയ്‌റോ സ്‌കോര്‍ ചെയ്തു.
പിന്നാലെ റിച്ചാര്‍ലിസണ്‍ ബ്രസീലിന്റെ ഗോള്‍പട്ടിക തികച്ചു. കളിയവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കേ ഇന്‍ജുറി ടൈമിലാണ് താരം ഗോള്‍ നേടിയത്. ഇതോടെ ബ്രസീല്‍ വിജയമുറപ്പിച്ചു.