വായുവിലൂടെ പകരും ; തോട്ടടയിൽ രണ്ട് നായ്ക്കൾ ചത്തു
കണ്ണൂർ :- നായ്ക്കളിൽ അതിവേഗം പടരുന്ന വൈറസ് രോഗം 'കനൈൻ ഡിസ്റ്റംബർ' തോട്ടടമേഖലയിൽ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞദിവസം ചത്ത രണ്ട് തെരുവുനായ്ക്കകളുടെ ജഡപരിശോധനയിലാണിത് സ്ഥിരീകരിച്ചത്. വായുവിലൂടെ പകരുന്ന രോഗമാണിത്. ഇതേതുടർന്ന് മൃഗസംരക്ഷണവകുപ്പിലെ മുതിർന്ന ഡോക്ടർമാർ അടിയന്തരയോഗം ചേർന്ന് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. വൈറസ് ബാധിച്ച നായ്ക്കളെ ചികിത്സിക്കാൻ മൃഗാസ്പത്രിയിൽ ഐസൊലേഷൻ മുറികളൊരുക്കുന്നത് ആലോചനയിലാണ്.
ബോധവത്‌കരണം നടത്തുകയും കൂടുതൽ നായ്ക്കളെ കൊണ്ടുവരുന്ന ജില്ലാ ആസ്പത്രിയിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ചെയ്യും. ഡോക്ടറുടെ അനുമതിയോടെയേ മൃഗങ്ങളെ പരിശോധനാമുറിയിൽ കടത്താൻ അനുവദിക്കൂ. 10 വർഷത്തിനുശേഷമാണ് ഈ രോഗം കണ്ണൂരിൽ സ്ഥിരീകരിക്കുന്നത്. 80 ശതമാനംവരെയാണ് മരണനിരക്ക്. രോഗം മനുഷ്യരിലേക്ക് പടർന്നതിന് തെളിവില്ല.
ആസ്പത്രിയിലേക്കും മറ്റുമായി പുറത്തുകൊണ്ടുപോകുന്ന നായ്ക്കൾ മറ്റ് നായ്ക്കളുമായി സമ്പർക്കത്തിൽ വരാതെ നോക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ഇതിന് മരുന്ന് കണ്ടെത്തിയിട്ടില്ല. എന്നാൽ പ്രതിരോധ കുത്തിവെപ്പെടുത്തവയ്ക്ക് രോഗതീവ്രത കുറയും. തോട്ടട സമാജ്‌വാദി കോളനിക്കുതാഴെയും കാനോട്ട് ക്ഷേത്രം പരിസരത്തും ചത്തുകിടന്ന നായ്ക്കളിലാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഈ മേഖലയിൽ ഒന്നുരണ്ടെണ്ണം ചത്തിരുന്നു. നാട്ടുകാർ അവയെ കുഴിച്ചിട്ടു. രണ്ടെണ്ണം കൂടി ചത്തതോടെ കൊറോണ വൈറസ് ആണെന്ന സംശയത്തിൽ കോർപ്പറേഷൻ അധികൃതരെയും ആരോഗ്യവകുപ്പിനെയും അറിയിച്ചു. തുടർന്ന ജില്ലാ മൃഗാസ്പത്രിയിൽ പരിശോധിച്ചപ്പോഴാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.