കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കണ്ണൂർ:-ജില്ലയിലെ കിടപ്പ് രോഗികള്‍ക്കായി ജില്ലാ പഞ്ചായത്ത് ഏര്‍പ്പെടുത്തിയ വാക്‌സിനേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ നിര്‍ദ്ദേശം നല്‍കി. മൊബൈല്‍ വാക്‌സിനേഷന്‍ വാഹനം സഞ്ചരിക്കുന്നതിന് ഭൂപ്രകൃതി അനുസരിച്ചുള്ള റൂട്ട് മാപ്പ്, ആവശ്യമായ വാഹനങ്ങള്‍, വാക്‌സിനേഷന്‍ ടീം എന്നിവ ഓരോ തദ്ദേശ സ്ഥാപനവും ഒരുക്കണം. ഇവ ഇനിയും തയ്യാര്‍ ചെയ്തിട്ടില്ലാത്ത തദ്ദേശ സ്ഥാപനങ്ങള്‍ അവ എത്രയും വേഗം ഒരുക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. വാക്‌സിന്‍ വിതരണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരെ പങ്കെടുപ്പിച്ച് നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് ഈ നിര്‍ദ്ദേശം നല്‍കിയത്.
പാലിയേറ്റീവ് രോഗികളില്‍ പൂര്‍ണമായും കിടപ്പിലായ രോഗികള്‍ക്കാണ് വാക്സിനേഷന് മുന്‍ഗണന നല്‍കി വരുന്നത്. ഇത്തരത്തിലുള്ള 4458 രോഗികള്‍ ജില്ലയിലുണ്ടെന്നാണ് കണക്ക്. ലഭ്യതയ്ക്കനുസരിച്ച് ഇവര്‍ക്ക് വാക്സിന്‍ ലഭ്യമാക്കും. ഭൂപ്രകൃതിയും പാലിയേറ്റീവ് രോഗികളുടെ എണ്ണവുമനുസരിച്ചാണ് ഓരോ ഗ്രാമപഞ്ചായത്തിലും വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഒരുക്കുന്നത്. ഒരു ഡോക്ടര്‍, ഒരു വാക്സിനേറ്റര്‍ എന്നിവര്‍ അടങ്ങുന്ന ടീമാണ് മൊബൈല്‍ വാക്സിനേഷന്‍ യൂനിറ്റില്‍ ഉണ്ടാവുക. പ്രാദേശികമായി ലഭ്യമാകുന്ന യോഗ്യരായ ഡോക്ടമാരെ പഞ്ചായത്തുകള്‍ക്ക് ഇതിനായി പ്രയോജനപ്പെടുത്താം. വാക്സിന്‍ എടുക്കാന്‍ തയ്യാറാണെന്ന ഗുണഭോക്താവിന്റെ സമ്മതപത്രം നേരത്തെ വാങ്ങണം. കിടപ്പു രോഗികളെ എളുപ്പത്തില്‍ എത്തിക്കാന്‍ കഴിയുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് മൊബൈല്‍ യൂനിറ്റ് വാക്സിനേഷന്‍ നല്‍കുക. തീരെ അവശത അനുഭവിക്കുന്നവരും വാക്സിനേഷന്‍ കേന്ദ്രത്തിലേക്ക് കൊണ്ടുവരാന്‍ പ്രയാസമുള്ളവരുമായ രോഗികള്‍ക്ക് മാത്രം വീടുകളില്‍ ചെന്ന് വാക്സിന്‍ നല്‍കും. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മൊബൈല്‍ വാക്സിനേഷന്‍ ടീം പ്രവര്‍ത്തിക്കുക.
പട്ടിക വര്‍ഗ മേഖലയില്‍ വാക്സിന്‍ ലഭ്യമാക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് യോഗത്തില്‍ അറിയിച്ചു. ഇത്തരം മേഖലകളിലുള്ളവര്‍ വാക്സിന്‍ സ്വീകരിക്കാന്‍ സന്നദ്ധരാവുന്നില്ല എന്ന പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ അവരുടെ ഇടയില്‍ പ്രത്യേക ക്യാമ്പയിനുകള്‍ നടത്തി വാക്സിന്‍ എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും യോഗത്തില്‍ നിര്‍ദ്ദേശിച്ചു. യോഗത്തില്‍ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മറ്റ് പ്രതിനിധികള്‍,ജില്ലാ പഞ്ചായത്ത്സെക്രട്ടറി വി ചന്ദ്രന്‍, ഡി പി എംഡോ.അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.