യൂറോ കപ്പ്: ഇറ്റലിക്ക് തുടർച്ചയായ മൂന്നാം ജയം; സ്പെയിനിനു സമനില


euro italy spain drew

യൂറോ കപ്പിൽ ഇറ്റലിക്ക് തുടർച്ചയായ മൂന്നാം ജയം. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ വെയിൽസിനെയാണ് ഇറ്റലി കീഴ്പ്പെടുത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇറ്റലിയുടെ ജയം. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി മുൻ ലോകകപ്പ് ജേതാക്കൾ പ്രീക്വാർട്ടറിൽ കടന്നു. പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി വെയിൽസും പ്രീക്വാർട്ടറിൽ എത്തി. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ പോളണ്ടിനെതിരെ സ്പെയിൻ സമനില വഴങ്ങി. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു. ഇതോടെ ഗ്രൂപ്പ് ഇയിൽ രണ്ട് കളികളും സമനില ആയ സ്പെയിൻ മൂന്നാം സ്ഥാനത്താണ്. മൂന്നാം മത്സരത്തിൽ, സ്വിറ്റ്സർലൻഡ് തുർക്കിയെ ഒന്നിനെതിരെ 3 ഗോളുകൾക്ക് പരാജയപ്പെടുത്തി. ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനത്താണ് സ്വിറ്റ്സർലൻഡ്.







കരുത്തരായ ഇറ്റലിക്കെതിരെ പരാജയപ്പെട്ടെങ്കിലും പൊരുതിയാണ് വെയിൽസ് കീഴടങ്ങിയത്. മുൻനിരയിലടക്കം നിരവധി മാറ്റങ്ങളുമായാണ് മാൻസീനി ഇറ്റലിയെ കളത്തിലിറക്കിയത്. എന്നിട്ടും ഇറ്റലി തന്നെയാണ് മികച്ചുനിന്നത്. ക്രോസ്ബാറിനു കീഴിൽ മികച്ചുനിന്ന ഡാനി വാർഡ് ആണ് ഇറ്റലിയുടെ ലീഡ് നില കുറച്ചത്. 39ആം മിനിട്ടിൽ ഇറ്റലിയുടെ ഗോൾ വന്നു. മാർക്കോ വെറാറ്റി എടുത്ത ഫ്രീ കിക്ക് മത്തെയോ പെസ്സിന വെയിൽസ് വലയിൽ എത്തിക്കുകയായിരുന്നു. 55ആം മിനിട്ടിൽ വെയിൽസ് യുവതാരം ഏതൻ അമ്പഡു ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതോടെ വെയിൽസ് 10 പേരായി ചുരുങ്ങി. എങ്കിലും കൂടുതൽ ഗോളുകൾ വഴങ്ങാതെ പിടിച്ചുനിൽക്കാൻ വെയിൽസിനായി.

സ്പെയിൻ പോളണ്ട് മത്സരവും സമാന രീതിയിലായിരുന്നു. നിറഞ്ഞുകളിച്ച സ്പെയിൻ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും ആദ്യം ഗോൾ നേടുകയും ചെയ്തു. എന്നാൽ, കളി വിജയിക്കാനായില്ല. ലഭിച്ച പെനാൽറ്റി കളഞ്ഞുകുളിച്ചതും സ്പെയിനു വിനയായി. കളിയുടെ 25ആം മിനിട്ടിൽ തന്നെ സ്പെയിൻ മുന്നിലെത്തി. ജെറാർഡ് മൊറീനോയുടെ അസിസ്റ്റിൽ നിന്ന് ആൽവരോ മൊറാട്ടയാണ് ഗോൾ നേടിയത്. സ്പാനിഷ് ആക്രമണങ്ങൾ തുടർച്ചയായി നേരിടുമ്പോഴും മറുവശത്ത് ലെവൻഡോവ്സ്കിയിലൂടെ തിരിച്ചടിക്കാൻ പോളണ്ട് ശ്രമിച്ചുകൊണ്ടിരുന്നു. 54ആം മിനിട്ടിൽ അതിനു ഫലം കണ്ടു. കാമിൽ ജോസ്‌വിയാക്കിൻ്റെ ക്രോസിൽ തലവച്ചാണ് ലെവൻഡോവ്സ്കി സമനില ഗോൾ നേടിയത്. 58ആം മിനിട്ടിൽ, കളിയിൽ മുന്നിലെത്താനുള്ള അവസരം സ്പെയിൻ പാഴാക്കി. ബോക്സിനുള്ളിൽ തന്നെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി സ്കോർ ചെയ്യാൻ മൊറേനോയ്ക്ക് സാധിച്ചില്ല. സ്പാനിഷ് ആക്രമണങ്ങൾ തന്നെയാണ് പിന്നീടും കണ്ടതെങ്കിലും പോളണ്ട് പിടിച്ചുനിന്നു.

മൂന്നാം മത്സരത്തിൽ തുർക്കിയെ ഒന്നിനെതിരെ 3 ഗോളുകൾക്ക് കെട്ടുകെട്ടിച്ച സ്വിറ്റ്സർലൻഡ് പ്രീക്വാർട്ടർ സാധ്യതകൾ സജീവമാക്കി. സ്വിസ് പടയ്ക്കായി സൂപ്പർ താരം സർദാൻ ഷക്കീരി ഇരട്ട ഗോളുകൾ നേടിയപ്പോൾ സഫരവിച്ചും സ്കോർഷീറ്റിൽ ഇടം നേടി. ഇർഫാൻ കഹ്വെകി ആണ് തുർക്കിയുടെ ആശ്വാസ ഗോൾ നേടിയത്.

Previous Post Next Post