സാവോപോളോ :- കോപ്പ അമേരിക്കഫുട്ബോളിൽ ബ്രസീലിന് വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തിൽ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്രസീൽ തോൽപ്പിച്ചത്. 13 പേർക്ക് കെവിഡ് ബാധിച്ച് ആടിയുലഞ്ഞെത്തിയ വെനസ്വേലയെ മാർക്വിനോസും നെയ്മറും ബാർബോസയും കെട്ടുകെട്ടിച്ചു.
റോബർട്ടോ ഫിർമിനോയ്ക്ക് പകരം അന്തിമ ഇലവനിൽ ലുകാസ് പാക്കിറ്റയെ ഇറക്കിയ കോച്ച് ടിറ്റോയ്ക്ക് ടീമിന്റെ ഒത്തിണക്കത്തോടെയുള്ള മറുപടി. 23-ആം മിനിട്ടിൽ മാർക്വിനോസിന്റെ വകയായിരുന്നു ആദ്യ ഗോൾ.
ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന ബ്രസീലിനായി ലീഡ് ഉയർത്താനുള്ള നിയോഗം നെയ്മർക്കായിരുന്നു. 64-ആം മിനിറ്റിൽ ഡാലിനോയെ ഫൌൾ ചെയ്തതിന് കിട്ടിയ പെനാൽട്ടി നെയ്മർ കൃത്യമായി വലയിലെത്തിച്ചു.
എതിരില്ലാത്ത രണ്ട് ഗോളിന് ബ്രസീൽ ആവസാനിപ്പിക്കും എന്ന് കരുതിയിരിക്കെയാണ് ഗബ്രിയേൽ ബാർബോസ വീണ്ടും വെനസ്വലയെ ഞെട്ടിച്ചത്. 89-ാം മിനിട്ടിലായിരുന്നു മൂന്നാം ഗോൾ. മത്സരത്തിൽ 67-ാം അന്താരാഷ്ട്ര ഗോൾ കുറിച്ച് നെയ്മർ, ബ്രസീലിനായി പെലെ കുറിച്ച ഗോൾ റെക്കോഡിൽ നിന്നുള്ള അകലം പത്തായി കുറച്ചു.
ചൊവ്വാഴ്ച പുലർച്ചെ 2.30-ന് അർജന്റീന ചിലിയുമായി ഏറ്റുമുട്ടും. മറ്റൊരു കളിയിൽ പുലർച്ചെ 5.30-ന് ബൊളീവിയ പാരഗ്വായെ നേരിടും. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കൊളംബിയയോട് സമനില വഴങ്ങിയാണ് അർജന്റീന വരുന്നത്. സൂപ്പർ താരം ലയണൽ മെസ്സിക്കൊപ്പം മികച്ച മധ്യ-മുന്നേറ്റനിര ടീമിനുണ്ട്. പ്രതിരോധത്തിൽ പ്രശ്നങ്ങളുണ്ട്. മെസ്സിക്കൊപ്പം ലൗട്ടാറോ മാർട്ടിനെസും എയ്ഞ്ചൽ ഡി മരിയയുമാകും മുന്നേറ്റത്തിൽ. സൂപ്പർ താരം അലക്‌സിസ് സാഞ്ചസില്ലാതെയാണ് ചിലി കളിക്കുന്നത്. സാഞ്ചസിന് പരിക്കാണ് വില്ലനായത്.