യൂറോ കപ്പ്: ബെൽജിയത്തിനൊപ്പം ആര് പ്രീ ക്വാർട്ടറിലേക്ക്? ഗ്രൂപ്പ് ബിയിൽ ഇന്ന് ചിത്രം തെളിയും

 സെന്‍റ് പീറ്റേഴ്‌സ്‌ബര്‍ഗ്: യൂറോ കപ്പിൽ ഗ്രൂപ്പ് ബിയിലും ഇന്ന് ചിത്രം തെളിയും. പ്രീ ക്വാ‍ർട്ട‍ർ ഉറപ്പിച്ച ബെൽജിയം, ഫിൻലൻഡിനെ നേരിടുമ്പോൾ റഷ്യക്ക്, ഡെൻമാർക്കാണ് എതിരാളികൾ. രാത്രി പന്ത്രണ്ടരയ്‌ക്കാണ് രണ്ട് കളിയും തുടങ്ങുക.

രണ്ട് കളിയിൽ അഞ്ച് ഗോളടിച്ച് ആറ് പോയിന്റുമായി ബെൽജിയം സുരക്ഷിത സ്ഥാനത്താണ്. ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാ‍‍ർ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനവും ലക്ഷ്യമിടുമ്പോൾ ആദ്യ കടമ്പ കടക്കണമെങ്കിൽ ഫിൻലാൻഡിന് ജയം അനിവാര്യം. ഡെൻമാർക്കിനെ നേരിടുന്ന റഷ്യയുടെ സ്ഥിതിയും ഇതുതന്നെ. റഷ്യക്കും ഫിൻലൻഡിനും മൂന്ന് പോയിന്റ് വീതം. അവസാന മത്സരത്തിൽ ജയിക്കുന്നവ‍ർ ബെൽജിയത്തിനൊപ്പം പ്രീ ക്വാർട്ടറിലെത്തും. 

കെവിൻ ഡിബ്രൂയിൻ കൂടി തിരിച്ചെത്തിയതോടെ ബെൽജിയം അതിശക്തരായിക്കഴി‌ഞ്ഞു. എന്നാൽ ചരിത്രത്തിന്റെ പിന്തുണ ഫിൻലൻഡിനൊപ്പമാണ്. 53 വ‍ർഷമായി ബെൽജിയം ഫിൻലൻഡിനെ തോൽപിച്ചിട്ട്. അവസാന ജയം 1968ലായിരുന്നു. ഇതിന് ശേഷം ഏറ്റുമുട്ടിയ ഏഴ് കളിയിൽ നാലിലും ഫിൻലൻഡ് ജയിച്ചു. ബാക്കി മൂന്നും സമനിലയിൽ അവസാനിച്ചു. ഫിൻലൻഡിനെതിരെ ഇന്നുവരെ ആകെ മൂന്ന് കളിയിലേ ബെൽജിയത്തിന് ജയിക്കാനുമായിട്ടുള്ളൂ. 

അതേസമയം ടൂര്‍ണമെന്‍റിലെ രണ്ട് കളിയിലും അടിതെറ്റിയ ഡെൻമാർക്കിനെ വീഴ്‌ത്താമെന്ന പ്രതീക്ഷയിലാണ് റഷ്യ. ക്രിസ്റ്റ്യൻ എറിക്‌സന്റെ അഭാവത്തിൽ റഷ്യയെ മറികടക്കുക ഡെൻമാ‍‍ർക്കിന് എളുപ്പമാവില്ല. ഇരു ടീമും ഇതിന് മുൻപ് ഏറ്റുമുട്ടിയത് ഒരിക്കൽ മാത്രം. ഒൻപത് വ‍‍ർഷം മുൻപ് ആദ്യമായി നേർക്കുനേ‍ർ വന്നപ്പോൾ രണ്ട് ഗോൾ ജയം റഷ്യക്കൊപ്പമായിരുന്നു.

Previous Post Next Post