ബ്രസീലിയ :- കോപ്പ അമേരിക്കയിൽ ആദ്യ ജയം ലക്ഷ്യമിട്ട് അർജന്റീന നാളെയിറങ്ങും. ബ്രസീലിയയില്‍ പുലർച്ചെ അഞ്ചരയ്‌ക്ക് തുടങ്ങുന്ന കളിയിൽ ഉറുഗ്വേയാണ് എതിരാളികൾ. ലിയോണല്‍ മെസിയും ലൂയിസ് സുവാരസും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് മത്സരത്തിന്‍റെ പ്രത്യേകത. പുലർച്ചെ രണ്ടരയ്‌ക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ ചിലെ ബൊളീവിയയെ നേരിടും.
ഉറുഗ്വേക്കെതിരെ ഇറങ്ങുമ്പോള്‍ വെല്ലുവിളികൾ ഏറെയാണ് അർജന്റീനയ്ക്ക്. സമനിലക്കുരുക്കിൽ നിന്ന് രക്ഷപ്പെടണം. പ്രതിരോധ നിരയിലെ വിള്ളലുകൾ അടയ്‌ക്കണം. നായകൻ ലിയോണൽ മെസിയുടെ അമിതഭാരം കുറയ്ക്കണം. പരീക്ഷണത്തിന് സമയമില്ല, കാരണം മുന്നിൽ നിൽക്കുന്നത് ലൂയിസ് സുവാരസിന്റെ ഉറുഗ്വേയാണ്. ആത്മസുഹൃത്താണെങ്കിലും കളിക്കളത്തിൽ അത് പ്രതീക്ഷിക്കേണ്ടെന്ന് സുവാരസ് നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു.
അവസാന മൂന്ന് കളിയിലും ആദ്യം ഗോൾ നേടിയ ശേഷം സമനിലവഴങ്ങിയ അർജന്റൈൻ ടീമിലും ഫോർമേഷനിലും തന്ത്രങ്ങളിലും മാറ്റം ഉറപ്പ്. ഗോൾമുഖത്തേക്ക് നിരന്തരം ഇരച്ചെത്തുന്ന സുവാരസിനെയും എഡിൻസൺ കവാനിയെയും തടയാൻ ഗോൺസാലോ മോണ്ടിയേൽ, പരിക്ക് മാറിയെത്തുന്ന ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഓട്ടമെൻഡി, മാർക്കോസ് അക്യൂന അല്ലെങ്കിൽ നിക്കോളാസ് ടാഗ്ലിയാഫിക്കോ എന്നിവര്‍ക്കാകും ചുമതല. മധ്യനിരയിൽ റോഡ്രിഗോ ഡി പോളും ലിയാൻഡ്രോ പരേഡസും ജിയോവനിലോ സെൽസോയും ഇറങ്ങും. ഗോളടിക്കാൻ മെസിയുടെ പങ്കാളിയായി ലൗറ്ററോ മാർട്ടിനസിനും നിക്കോളാസ് ഗോൺസാലസിനും ഒരവസരം കൂടി നല്‍കിയേക്കും.
സെർജിയോ അഗ്യൂറോയും ഏഞ്ചൽ ഡി മരിയയും പകരക്കാരായി ഇറങ്ങാനാണ് സാധ്യത. ഗോളി എമിലിയാനോ മാർട്ടിനസിനും ഇളക്കമുണ്ടാവില്ല. ഡീഗോ ഗോഡിനും ഗിമിനസും നയിക്കുന്ന ഉറുഗ്വേൻ പ്രതിരോധനിരയെ മറികടക്കുക അർജന്റീനയ്‌ക്ക് ഒട്ടും എളുപ്പമാവില്ല.
മെസിക്ക് സുവാരസിന്‍റെ മുന്നറിയിപ്പ്
'മെസി ഏറ്റവും മികച്ച താരമാണ്. കളിക്കളത്തിൽ എതിരാളിയായി ഇറങ്ങാത്ത സന്ദർഭങ്ങളിൽ ഒഴികെ എന്റെ ഏറ്റവും അടുത്ത സുഹൃത്തുമാണ്. കളത്തിലിറങ്ങിയാൽ സൗഹൃദത്തിന് സ്ഥാനമില്ല. ജയം മാത്രമാണ് ലക്ഷ്യം' എന്നാണ് മത്സരത്തിന് മുന്നോടിയായി സുവാരസ് പറഞ്ഞത്.