യൂറോ: മരണ ഗ്രൂപ്പിൽ ഇന്ന് വമ്പൻ പോരാട്ടം; റൊണാൾഡോയും എംബാപ്പെയും നേർക്കുനേർ


മ്യൂണിക്:
 യൂറോ കപ്പിലെ മരണ ഗ്രൂപ്പിൽ നിന്ന് ആരൊക്കെ പ്രീക്വാർട്ടറിലെത്തുമെന്ന് ഇന്നറിയാം. ഫ്രാൻസ് വമ്പൻ പോരാട്ടത്തിൽ പോർച്ചുഗലിനെയും ജർമ്മനി, ഹംഗറിയെയും നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് രണ്ട് കളിയും തുടങ്ങുക.

ലോകചാമ്പ്യൻമാരുടെ തലയെടുപ്പുണ്ട് ഫ്രാൻസിന്. പക്ഷേ, ഇതുവരെ പെരുമയ്ക്കൊത്ത കളിയിലേക്ക് എത്തിയിട്ടില്ല. ജർമ്മനിക്കെതിരെ സെൽഫ് ഗോളിൽ രക്ഷപ്പെട്ടപ്പോൾ ഹംഗറിയോട് സമനിലവഴങ്ങി. നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗൽ, ഹംഗറിയെ തോൽപിച്ച് തുടങ്ങിയെങ്കിലും ജർമ്മനിക്ക് മുന്നിൽ തകർന്നടിഞ്ഞു. പ്രീക്വാർട്ടറിലേക്ക് കണ്ണുവയ്ക്കുമ്പോൾ നാല് പോയിന്റുമായി ഫ്രാൻസ് മരണഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്.

ജർമ്മനിക്കും പോർച്ചുഗലിനും മൂന്ന് പോയിന്റ് വീതം. ഗോൾശരാശരിയിൽ ജർമ്മനി രണ്ടാമത്. ഒറ്റ പോയിന്റുള്ള ഹംഗറി അവസാനസ്ഥാനത്തും. റൊണാൾഡോയും എംബാപ്പേയും വീണ്ടും നേർക്കുനേർ വരുമ്പോൾ ഫ്രാൻസിന് കഴിഞ്ഞ ഫൈനലിലെ തോൽവിയുടെ കടംവീട്ടാനുണ്ട്. ഫ്രാൻസിനെ എക്സ്ട്രാടൈം ഗോളിൽ വീഴ്ത്തിയാണ് പോ‍ർച്ചുഗൽ ആദ്യമായി യൂറോപ്യൻ ചാമ്പ്യൻമാരായത്.

പോർച്ചുഗലിനെ രണ്ടിനെതിരെ നാല് ഗോളിന് തകർത്തതോടെ ജർമ്മനിയും വീര്യം വീണ്ടെടുത്തു. ഹം​ഗറിയെ തോൽപിച്ചാൽ യോക്വിം ലോയുടെ ജർമ്മനിക്ക് പ്രീക്വാർട്ടർ ഉറപ്പിക്കാം. ഇതുകൊണ്ടുതന്നെ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഫ്രാൻസ്-പോർച്ചുഗൽ പോരാട്ടത്തിലേക്കായിരിക്കും.

Previous Post Next Post