കണ്ണൂർ :വിവിധ വകുപ്പുകളുടെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ പരിഹരിക്കുന്നതിനും പദ്ധതി നടത്തിപ്പിലെ കാലതാമസം ഒഴിവാക്കുന്നതിനും ജില്ലയില്‍ പ്രത്യേക റിവ്യൂ സംവിധാനം ഒരുക്കുന്നു. വികസന, ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിന് ഏതെങ്കിലും വകുപ്പിന് പ്രത്യേക പ്രശ്‌നങ്ങളോ തടസ്സങ്ങളോ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് പരിഹരിച്ച് പദ്ധതി പ്രവര്‍ത്തനം സുഗമമാക്കുകയാണ് ലക്ഷ്യം. ഇതിനായി ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ കണ്‍വീനറുമായുള്ള സമിതി രൂപീകരിച്ചു. എല്ലാ ബുധനാഴ്ചകളിലും സമിതി യോഗം ചേരും. ആദ്യ യോഗം ജൂലൈ ഏഴിന് രാവിലെ 10.30ന് നടക്കും.
ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ള വകുപ്പ് തലവന്‍മാര്‍ ഇക്കാര്യം ജില്ലാ പ്ലാനിങ്ങ് ഓഫീസറെ രേഖാമൂലം അറിയിക്കണം. ഇതിനനുസരിച്ച് ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ യോഗമായിരിക്കും വിളിച്ചു ചേര്‍ക്കുക. വിവിധ വകുപ്പുകള്‍ ഇടപെടേണ്ട വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ റിവ്യൂ യോഗങ്ങളുെട പരിഗണനക്ക് നല്‍കാവുന്നതാണ്. ജില്ലയിലെ വികസന, ക്ഷേമ പദ്ധതികളുടെ പ്രവര്‍ത്തനം കാലതാമസമില്ലാതെ സുഗമമായി നടത്തുന്നതിന് വഴിയൊരുക്കുകയാണ് പ്രത്യേക റിവ്യുവിലൂടെ ഉദ്ദേശിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.