റിയോ: കോപ്പ അമേരിക്കയിൽ സെമിഫൈനൽ ലക്ഷ്യമിട്ട് ബ്രസീൽ ഇന്നിറങ്ങും. ഇന്ത്യൻ സമയം നാളെ പുലർച്ചെ അഞ്ചരയ്ക്ക് തുടങ്ങുന്ന കളിയിൽ ചിലെയാണ് എതിരാളികൾ. രാത്രി രണ്ടരയ്ക്ക് തുടങ്ങുന്ന ആദ്യ ക്വാർട്ടറിൽ പെറുവും പരാഗ്വേയും ഏറ്റുമുട്ടും.
കളിയിലും കണക്കിലും ചിലെയേക്കാള്‍ ഏറെ മുന്നിലാണ് ബ്രസീൽ. നാല് കളിയിൽ മൂന്ന് ജയവും ഒരു സമനിലയുമടക്കം പത്ത് പോയിന്‍റുമായാണ് ബ്രസീൽ ഇറങ്ങുന്നത്. പത്ത് ഗോൾ നേടിയപ്പോൾ വഴങ്ങിയത് രണ്ടുഗോൾ മാത്രം. ഓരോ കളിയിലും വ്യത്യസ്ത ഇലവനെ പരീക്ഷിക്കുന്ന ബ്രസീൽ കോച്ച് ടിറ്റെ എന്നാല്‍ ചിലെക്കെതിരെ മുൻനിര താരങ്ങളെയെല്ലാം അണിനിരത്തും. നെയ്മറും കാസിമിറോയും ലൂക്കാസ് പക്വേറ്റയും ഗബ്രിയേൽ ജെസ്യൂസും, അലക്സ് സാന്ദ്രോയും തിരിച്ചെത്തും.
അതേസമയം അലക്സിസ് സാഞ്ചസ് പരിക്കിൽനിന്ന് മുക്തനായത് ചിലെയ്ക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. ഒരു ജയവും രണ്ട് സമനിലയും ഒരു തോൽവിയുമായി ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായാണ് ചിലെയുടെ വരവ്. സാഞ്ചസിനൊപ്പം വിദാലും വാർഗാസും അരാൻക്വിസുമെല്ലാം ഫോമിലേക്കുയർന്നാൽ ബ്രസീലിന് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല.
നേർക്കുനേർ കണക്ക്
ബ്രസീലും ചിലെയും 72 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ബ്രസീലിനായിരുന്നു ഇതില്‍ 51 കളിയിലും ജയം. ചിലെ ഇതുവരെ ജയിച്ചത് എട്ട് കളിയിൽ മാത്രം. 13 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. ഇരു ടീമും ഏറ്റവും ഒടുവിൽ 2017ൽ ഏറ്റുമുട്ടിയപ്പോള്‍ ബ്രസീൽ എതിരില്ലാത്ത മൂന്ന് ഗോളിന് ചിലെയെ തോൽപിച്ചിരുന്നു.