തിരുവനന്തപുരം: ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ച ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകളും ഡ്രൈവിങ് പഠനവും തിങ്കളാഴ്ച പുനരാരംഭിക്കും. ഡ്രൈവിങ് സ്കൂളുകൾക്കും കോവിഡ് മാനദണ്ഡം പാലിച്ച് പ്രവർത്തിക്കാം. സംസ്ഥാനത്താകെ അയ്യായിരത്തിലധികം പേർ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിച്ച് കാത്തിരിക്കുന്നുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഡ്രൈവിങ് ടെസ്റ്റും പഠനവും നടക്കുക. ഒരുസമയം ഒരാൾക്കുമാത്രമേ പരിശീലനം നൽകാവൂ. ഉപയോഗ ശേഷം വാഹനത്തിന്റെ ഉൾവശം അണുവിമുക്തമാക്കണം. ഡ്രൈവിങ് ടെസ്റ്റും നിയന്ത്രണങ്ങളോടെയാകും നടക്കുക. സാരഥി സോഫ്റ്റ്‌വേറിലൂടെ ടെസ്റ്റിന് എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കും.
ഓട്ടോമേറ്റഡ് ഡ്രൈവിങ് ടെസ്റ്റിങ് കേന്ദ്രങ്ങളിൽ ടെസ്റ്റ് തുടങ്ങാൻ രണ്ടുദിവസം വൈകും. ഇവിടെ ട്രാക്കുകൾ വൃത്തിയാക്കി കംപ്യൂട്ടർ സംവിധാനം സജ്ജമാക്കണം.