കണ്ണാടിപ്പറമ്പ്:- പഠനസംവിധാനമില്ലാത്ത കുട്ടിൾക്കായി കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മൊബൈൽ ഫോൺ ലൈബ്രറി തുടങ്ങുന്നു. 1300 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിലെ സ്വന്തമായി ഫോണില്ലാത്ത കുട്ടികൾക്ക് ഇവിടുന്ന് ഫോൺ നൽകും. രണ്ടാഴ്ചയിലൊരിക്കൽ അധ്യാപകർ വീട്ടിൽച്ചെന്ന് പഠന പുരോഗതി അന്വേഷിക്കും. പഠനേതര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതായി കണ്ടാൽ തിരികെ വാങ്ങും. അറുപതോളം ഫോൺ ലൈബ്രറിയിലേക്ക് ലഭിച്ചുകഴിഞ്ഞുവെന്ന് പ്രിൻസിപ്പാൾ രാധാകൃഷ്ണൻ മാസ്റ്റർ, പ്രധാന അദ്ധ്യാപകൻ പി.പി.മനോജ്കുമാർ, നോഡൽ ഓഫിസർ രവി മാസ്റ്റർ എന്നിവർ പറഞ്ഞു.
പദ്ധതി അടുത്ത തിങ്കളാഴ്ച പത്തിന് ഓൺലൈനായി ചേരുന്ന സ്കുൾ അസംബ്ലിയിൽ കെ.വി.സുമേഷ് എം.എൽ.എ. ഉദ്ഘാടനംചെയ്യും. ഒരു വീട്ടിൽ വിവിധ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ ഉണ്ടാകാമെന്നിരിക്കെ വീട്ടിലെ ഫോൺ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുംവിധം ക്ലാസ് സമയവും ക്രമീകരിച്ചിട്ടുണ്ട്.
രാവിലെ എട്ടരമുതൽ പത്തരവരെ എട്ടാം ക്ലാസിനും പത്തര മുതൽ പന്ത്രണ്ടര വരെ ഒമ്പതിനും രണ്ടര മുതൽ അഞ്ചുവരെ പത്താം ക്ലാസിനുമാണ്.