കണ്ണൂർ :- ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനമന്ദിരമായ കോൺഗ്രസ് ഭവൻ ഇന്ന് മുൻ എ.ഐ.സി.സി പ്രസിഡന്റ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.രാവിലെ 10.30 ന് ഓൺ ലൈനായാണ് രാഹുൽ ഗാന്ധി ഉദ്ഘാടന കർമ്മം നിർവ്വഹിക്കുക. കോൺഗ്രസ് ഭവൻ ഉദ്ഘാടനം ചെയ്യുന്നത് ചരിത്ര സംഭവമാക്കാനുള്ള ഒരുക്കങ്ങൾ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ പൂർത്തിയായി.
കേരളത്തിൽ നിന്നുള്ള കോൺഗ്രസ് ദേശീയ, സംസ്ഥാന നേതൃനിരയിലെ ഭൂരിഭാഗം നേതാക്കളും ഇന്ന് കണ്ണൂരിൽ എത്തിച്ചേരും.
ഉദ്ഘാടന ചടങ്ങിനു സാക്ഷ്യം വഹിക്കാൻ കേരളത്തിലെ പ്രധാന നേതാക്കൾ കൂട്ടത്തോടെ കണ്ണൂരിൽ എത്തിച്ചേരുന്നതിന്റെ ആഹ്ളാദത്തിലാണ് കോൺഗ്രസ് പ്രവർത്തകർ ഉള്ളത്.
സംസ്ഥാനത്തെ കോൺഗ്രസ് ഓഫീസുകളിൽ വിസ്തൃതിയിൽ കെപിസിസി ഓഫീസ് കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ള ഓഫീസാണ് കണ്ണൂർ ഡിസിസി ഓഫീസ്.
ദേശീയ തലത്തിൽ തന്നെ വിസ്തൃതിയിൽ ഏറ്റവും വലിയ ഡി.സി.സി ഓഫീസായി കണ്ണൂരിലെ ഓഫീസിനെ നേതാക്കൾ പരിഗണിക്കുന്നുണ്ട്.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ജില്ലയിലെ മുതിർന്ന പ്രധാന പാർട്ടി ഭാരവാഹികൾ മാത്രമാണ് പങ്കെടുക്കുന്നത്. പ്രത്യേക പാസ് മുഖേന പങ്കാളിത്തം ക്രമീകരിച്ചിട്ടുണ്ട്.
പതിനായിരക്കണക്കിന് പാർട്ടി പ്രവർത്തകരെ പങ്കെടുപ്പിച്ചു നടത്താൻ ആഗ്രഹിച്ച ചടങ്ങ് കോവിഡ് പ്രതിസന്ധി മൂലമാണ് നിയന്ത്രണങ്ങൾ ക്രമീകരിച്ച് നടത്തപ്പെടുന്നത്.
ജില്ലയിലെ മുഴുവൻ കോൺഗ്രസ് ഓഫീസുകളിൽ നിന്നും തൽസമയം ഉദ്ഘാടന നടപടികൾ വീക്ഷിക്കുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങൾ പ്രാദേശിക തലത്തിൽ വിവിധ കമ്മിറ്റികൾ പൂർത്തീകരിച്ചിട്ടുണ്ട്.
വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഉദ്ഘാടനച്ചടങ്ങ് തത്സമയം വീക്ഷിക്കുന്നത് വേണ്ടിയുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി സ്വാഗതവും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി അധ്യക്ഷ പദവിയും വഹിക്കും.
എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി നാട മുറിക്കൽ ചടങ്ങ് നിർവ്വഹിക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി ഭദ്ദ്രദീപം കൊളുത്തും.
പ്രതിപക്ഷനേതാവ് വി.ഡി സതീശൻ എൻ രാമകൃഷ്ണൻ സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യും.കെ മുരളീധരൻ എം.പി കെ.കരുണാകരൻ സ്മാരക ഹാൾ ഉദ്ഘാടനം ചെയ്യും.യു ഡി എഫ് കൺവീനർ എം എം ഹസ്സൻ ഗാന്ധി പ്രതിമ അനാച്ഛാദനം നിർവ്വഹിക്കും.
കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷ് എംപി, കെ.സുരേന്ദ്രൻ സ്മാരക റീഡിംങ്ങ് റൂം ഉദ്ഘാടനവും ,പി.ടി തോമസ് എംഎൽഎ സാമുവൽ ആറോൺ സ്മാരക പൊളിറ്റിക്കൽ റഫറൻസ് ലൈബ്രററിയും ഉദ്ഘാടനം ചെയ്യും. എം.കെ രാഘവൻ എം.പി, രാജ് മോഹൻ ഉണ്ണിത്താൻ എം.പി, ടി സിദ്ദിഖ് എംഎൽഎ , എഐസിസി സെക്രട്ടറി പി.വി. മോഹൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
മുതിർന്ന നേതാക്കളായ എ കെ ആൻറണി ഉമ്മൻചാണ്ടി,രമേശ് ചെന്നിത്തല,മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ ഓൺലൈനായി ചടങ്ങിൽ സംബന്ധിക്കും. കോൺഗ്രസ് ഭവന്റെ ഒന്നാം നിലയിലുള്ള എൻ രാമകൃഷ്ണൻ സ്മാരക ഓഡിറ്റോറിയത്തിൽ വച്ചാണ് ഉദ്ഘാടന ചടങ്ങ് നടക്കുകയെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു.